'ആവേശം' സിനിമയിലെ 'ഇലുമിനാറ്റി' ഗാനം വേദിയിൽ ആലപിച്ച ഗായികയും നടിയുമായ ആൻഡ്രിയ ജെർമിയക്ക് സമൂഹ മാധ്യമങ്ങളിൽ കടുത്ത ട്രോളുകൾ നേരിടേണ്ടി വന്നു. ഉച്ചാരണപ്പിഴവുകളും വേറിട്ട ആലാപന ശൈലിയുമായിരുന്നു വിമർശനങ്ങൾക്ക് കാരണം.

പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിൽ എത്തി പിന്നീട് അഭിനേത്രിയായി മാറിയ ആളാണ് ആൻഡ്രിയ ജെർമിയ. 2005ൽ പിന്നണി ഗായികയായി രംഗത്തെത്തിയ അവർ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ പ്രമുഖരുടെ പാട്ടുകൾ പാടി ജനശ്രദ്ധനേടിയിട്ടുണ്ട്. ഈ പാട്ടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആൻഡ്രിയയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ആവേശത്തിലെ 'ഇലുമിനാറ്റി' ​ഗാനം ആലപിക്കുന്ന ആൻഡ്രിയയുടെ വീഡിയോ ആയിരുന്നു ഇത്. ഭാഷ വഴങ്ങാത്തതും വേറിട്ട രീതിയിലുള്ള ആലാപനവുമായപ്പോൾ മലയാളികൾ അടക്കമുള്ളവർ ട്രോളുകൾ കൊണ്ടുമൂടി. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ​ഗാനം ആലപിക്കുന്ന ആൻഡ്രിയയുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.

'യു എ​ഗെയ്ൻ..', 'ആൻഡ്രിയ ഇലുമിനാറ്റി 2.0', എന്നെല്ലാമുള്ള ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ട്രോളുകൾക്കൊപ്പം വിമർശനങ്ങളും നടിക്കെതിരെ ഉയരുന്നുണ്ട്. പിന്നണി ഗായകർ വളരെ അപൂർവമായേ സ്റ്റേജിൽ നല്ല ​രീതിയിൽ ​ഗാനങ്ങൾ ആലപിക്കുകയുള്ളൂവെന്നും പറ്റാത്ത പാട്ടുകൾ പാടി ആ ​ഗാനത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

Scroll to load tweet…

സുഷിൻ ശ്യാമിന്റെ സം​ഗീതത്തിൽ ഒരുങ്ങിയ ​ഗാനമാണ് ഇലുമിനാറ്റി. ഡബ്സിയായിരുന്നു ആലാപനം. വിനായക് ശശികുമാറിന്റേതാണ് വരികൾ. 2024 ഏപ്രിലിൽ ജിത്തു മാധവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ആവേശം. അതേസമയം, അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. ആൻഡ്രിയയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്