Asianet News MalayalamAsianet News Malayalam

'ഓലഞ്ഞാലിക്കുരുവി' മുതല്‍ 'ജീവാംശം' വരെ; ഇത് ഹരിനാരായണന്‍റെ ജീവിതം

താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുണ്ട് ബി കെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്‍റെ  സംസാരത്തിന്. മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ പാട്ടില്‍ കൊരുത്തിട്ട ഈ കുന്നംകുളത്തുകാരന്‍റെ ജീവിതകഥകള്‍ക്കും കാവ്യഭംഗിയുണ്ട്. 

Story Of Lyricist B K Harinarayanan By Pattukadha
Author
Trivandrum, First Published May 1, 2019, 2:48 PM IST

Story Of Lyricist B K Harinarayanan By Pattukadha
അടുക്കളപ്പാത്രങ്ങളില്‍ താളമിട്ട് പാടുന്ന അമ്മ. അതായിരുന്നു ബാല്യം മുതല്‍ മകന്റെ പാട്ടുലോകം. ഒടുവില്‍ പാട്ടെഴുത്തുകാരനാകണം എന്നുറപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗവും ഉപേക്ഷിച്ച് മകന്‍ പടികയറി വന്നപ്പോഴും എന്നത്തേയും പോലെ പാട്ടുമൂളുന്നുണ്ടായിരുന്നു ആ അമ്മ. പക്ഷേ ആ പാട്ടില്‍ അടക്കിപ്പിടിച്ച നൊമ്പരമുണ്ടെന്ന് അപ്പോള്‍ മകന് തോന്നി. ദ്രുതതാളത്തിലുള്ള ഒരു സിനിമാപ്പാട്ടു പോലെ കാലമങ്ങനെ ഓടിപ്പാഞ്ഞുപോയി. 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ദിവസമെത്തി, അമ്മയുടെ കാതില്‍ ആ വാര്‍ത്തയും. മകന്‍ മികച്ച പാട്ടെഴുത്തുകാരന്‍. ഓടിച്ചെല്ലുമ്പോള്‍ പുത്തന്‍ പാട്ടുകളുടെ വിത്തും തേടി തൊടിയിലെങ്ങോ അലയുകയായിരുന്നു അവന്‍. അപ്പോഴും ആ അമ്മയുടെ ചുണ്ടിലൊരു പാട്ടുണ്ടായിരുന്നു, മുഖം നിറയെ കണ്ണുനീരും.
 
താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുണ്ട് ബി കെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്റെ  സംസാരത്തിന്. മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ പാട്ടില്‍ കൊരുത്തിട്ട ഈ കുന്നംകുളത്തുകാരന്റെ ജീവിതകഥകള്‍ക്കും കാവ്യഭംഗിയുണ്ട്. ലൈലാക്ക് പുഷ്പങ്ങളെ ലൈലാകമേ എന്നു മലയാളീകരിച്ച അതേ കാവ്യഭംഗി. 

Story Of Lyricist B K Harinarayanan By Pattukadha

നാലുകെട്ടിന്നുള്ളില്‍ മാതാവായി ലോകം
മന്ത്രധ്വനികള്‍ മുഴങ്ങുന്ന നാലുകെട്ട്. അമ്മയുടെ പാട്ടുകള്‍. ആനന്ദഭൈരവിയില്‍ ആറാടുന്ന മധുരസ്മരണകളാണ് പെരുമ്പിലാവ് സ്‌കൂളും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജുമൊക്കെ കാണുന്നതിനും മുമ്പുള്ള ഹരിനാരായണന്റെ ബാല്യം.  'അടുക്കളയിലെ ജോലിത്തിരക്കിനിടെ അമ്മ മൂളിയിരുന്ന പാട്ടുകളാണ് എന്നെ പാട്ടുകളിലേക്ക് അടുപ്പിക്കുന്നത്...' പ്രിയമാനസാ നീ വാ വാ എന്നാരോ നീട്ടിപ്പാടുകയാണ്. പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണ, ആറാട്ടിനാനകള്‍ എഴുന്നെള്ളി നില്‍ക്കുന്ന അമ്പലപ്പറമ്പിലെ ആരാമങ്ങളിലേക്കും ഉത്തരാസ്വയംവര കഥകളി വേദിയിലേക്കുമൊക്കെ ആ ശബ്ദം നീളുന്നത് ഓര്‍ക്കുന്നുണ്ട് ഹരി.

താന്‍ വളര്‍ന്ന കാലഘട്ടത്തിലെ പാട്ടുകളെക്കാളും തന്നെ സ്വാധീനിച്ചത് ഈ പഴയ പാട്ടുകളാണെന്ന് ഹരിനാരായണന്‍ പറയും. പാലക്കാട് വാടാനാംകുറിശിയിലായിരുന്നു അമ്മയുടെ വീട്.  അതൊരു പാട്ടുവീടായിരുന്നു. ശങ്കരാഭരണം എന്ന് വലിയ അക്ഷരത്തില്‍  ആ വീടിന്റെ പൂമുഖത്തറയില്‍ കൊത്തിവച്ചിരുന്നു. വാടാനാംകുറിശിയിലെത്തുന്ന കുട്ടിക്കാലം മറക്കാനാവില്ല ഹരിക്ക്. തറവാട്ടില്‍ അമ്മയുടെ സഹോദരിമാരും അവരുടെ മക്കളുമൊക്കെ നന്നായി പാടും. പലപ്പോഴും കുടുംബാംഗങ്ങളെല്ലാം ചേരുമ്പോള്‍ കൊച്ചുഗാനമേളകള്‍ തന്നെ നടക്കും. 'പല പഴയ പാട്ടുകളും ഞാന്‍ കേട്ടത് റെക്കോഡിലൂടെയല്ല, ഇങ്ങനെ വായ്ത്താരി ആയിട്ടാണ്. എനിക്ക് പാടാനറിയില്ല. പക്ഷേ ചിറ്റമാരൊക്കെ പാടുമ്പോള്‍ വെള്ളമെടുക്കുന്ന കുടം നിലത്ത് കമിഴ്ത്തിവച്ച് ഞാന്‍ അതില്‍ താളംപിടിക്കും. അങ്ങനെയൊക്കെയാണ് പാട്ടുകള്‍ ഉള്ളില്‍ കയറുന്നത്...' 

'മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി..' പി ഭാസ്‌കരന്റെ വരികള്‍ ബി എ ചിദംബരനാഥിന്റെ ഈണത്തില്‍  ജാനകിയമ്മ പാടുകയാണ്. രണ്ടാമത്തെ വരിയില്‍ 'പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ മാനത്തെ..' എന്നു പാടി ഒരു നിമിഷം നിര്‍ത്തുന്നുണ്ട് ജാനകിയമ്മ. ആ വിടവില്‍ 'ധത്തരികിട ധിത്താ' എന്ന വായ്ത്താരി നിറയ്ക്കുന്നു ഹരിനാരായണന്‍ എന്ന കുട്ടി.

മൃദംഗം പഠിക്കാന്‍ പോയി, കവിതയെഴുതാന്‍  പഠിച്ചു!
കുന്നംകുളം അക്കിക്കാവിലെ ഭട്ടി കുഴിയാംകുന്നത്ത് ഇല്ലത്തിന്റെ പടിപ്പുരയും പിന്നെ കേച്ചേരിപ്പുഴയും കടന്ന് പ്രസിദ്ധനായ ഇ പി നാരായണപ്പിഷാരടിയുടെ അരികെ മൃദംഗ പഠനത്തിനു പോകുമ്പോള്‍ ഹരിനാരായണന് വയസ് പതിമൂന്ന്. കേച്ചേരിയിലേക്കും തിരിച്ചുമുള്ള ബസ് യാത്രകള്‍ ഓര്‍ക്കുമ്പോള്‍ വീണ്ടും പഴയ ഒമ്പതാം ക്ലാസുകാരനാകുന്നു ഹരി. 'എന്നും ബസ് എരനല്ലൂര്‍ സ്റ്റോപ്പ് കഴിഞ്ഞാലുടന്‍ റോഡരികിലുള്ള ആ വലിയ വീട്ടുമുറ്റത്തേക്ക് ഞാന്‍ എത്തി നോക്കും. യൂസഫലി കേച്ചേരിയുടെ വീടാണത്. സിനിമാപ്പാട്ടുകളില്‍ അദ്ദേഹം കത്തി നില്‍ക്കുന്ന കാലം. മുറ്റത്തെ ചാരുകസേരയില്‍ ചിലപ്പോള്‍ കവിയെ കാണാം. അദ്ഭുതത്തോടെ നോക്കും. സുറുമയെഴുതിയ മിഴികളും അനുരാഗഗാനവുമൊക്കെ കാതിലെത്തും. അപ്പോഴേക്കും കവി കണ്മുന്നില്‍ നിന്നും മറയും...' 

അങ്ങനെ മൃദംഗ പഠനവും കേച്ചേരിക്കാഴ്ചകളും പുരോഗമിക്കുന്നതിനിടെ ഒരുദിവസം ശിഷ്യന്റെ പാഠക്കൈകള്‍ എഴുതുന്ന പുസ്തകം പരിശോധിച്ച ഗുരു നാരായണപ്പിഷാരടി അമ്പരന്നു. താളശകലങ്ങള്‍ക്കിടയില്‍ കുത്തിക്കുറിച്ചിട്ടിരിക്കുന്ന കവിതാ ശകലങ്ങള്‍. 'യുദ്ധം എന്നോ മറ്റോ ഒരു കവിതയാണ് ഗുരു കണ്ടത്. അദ്ദേഹം എന്നേയും വിളിച്ച് ഒന്നുംമിണ്ടാതെ പുറത്തേക്ക് നടന്നു. അടി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു..' ശിഷ്യനെയും കൂട്ടി നാരായണ പിഷാരടി  നേരെ പോയത് സഹോദരനും സംസ്‌കൃത പണ്ഡിതനുമായ ഇ പി ഭരത പിഷാരടിയുടെ അടുത്തേക്കാണ്. ശിഷ്യന്റെ പുസ്തകം സഹോദരന് നേരെ നീട്ടി ഗുരു പറഞ്ഞു: 'ഏട്ടന്‍ ഇതൊന്നു വായിച്ചു നോക്കൂ. ഏട്ടന് പറ്റിയ ആളാണെന്നു തോന്നുന്നു...!' 

യൂസഫലി കേച്ചേരിയെ സംസ്‌കൃതം പഠിപ്പിച്ച ഭരത പിഷാരടിക്കു മുന്നില്‍ അന്ധാളിച്ചു നിന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഹരിനാരായണന്‍. അനുജന്‍ നീട്ടിയ പുസ്തകത്തിലെ കവിത അദ്ദേഹം വായിച്ചു. എന്നിട്ട് അടിമുടിയൊന്നു നോക്കിയിട്ടു ചോദിച്ചു: 'എന്താണിത്, പത്ര റിപ്പോര്‍ട്ടോ അതോ കവിതയോ?' 'ഞാന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം എന്നെ അരികില്‍ വിളിച്ചിരുത്തി. എന്നിട്ട് കേക വൃത്തത്തിലേക്ക് അത് മാറ്റിയെഴുതി. വൃത്തം ഉപയോഗിക്കേണ്ട രീതികളൊക്കെ പറഞ്ഞു തന്നു. തൃശൂരില്‍ നിന്നിറങ്ങുന്ന ഏതോ ഒരു പ്രസിദ്ധീകരണത്തിന് അദ്ദേഹം തന്നെ അത് അയച്ചുകൊടുത്തു. അതാണ് അച്ചടിമഷി പുരണ്ട എന്റെ ആദ്യ രചന..' 

പില്‍ക്കാലത്ത് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ബിരുദപഠനകാലത്തും മറ്റുമായി ഭാഷാപോഷിണി ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ നിരവധി കവിതകള്‍. പക്ഷേ താനൊരു കവിയല്ലെന്ന് ഇപ്പോഴും പറയും ഹരിനാരായണന്‍. 'കവി എന്ന രീതിയില്‍ എന്നെ അടയാളപ്പെടുത്താന്‍ തോന്നിയിട്ടില്ല. കവി എന്നത് നൈരന്തര്യമായിട്ടുള്ള ധ്യാനത്തിലൂടെ സംഭവിക്കുന്ന ഒന്നാണ്. ഞാന്‍ ആ നിലയിലേക്കൊന്നും ഉയര്‍ന്നിട്ടില്ല. കവിയാകാന്‍ അതിയായ ആഗ്രഹമുള്ള ഒരാള്‍. അതുമാത്രമാണ് ഞാന്‍..' ഹരി ഉറപ്പിച്ചു പറയുന്നു.

കണ്ടക്ടറായി പാട്ടെഴുത്തുകാരനും
ഫിസിക്‌സില്‍ ബിരുദവും പിന്നെ ജേണലിസത്തില്‍ ഡിപ്ലോമയും നേടി സിഎയ്ക്ക് പഠിക്കുന്ന കാലം. തലനിറയെ കവിതയും പാട്ടുമായി നടക്കുന്നതിനിടയില്‍ ജീവനോപാധിയെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിച്ചു മാതാപിതാക്കള്‍. അങ്ങനെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷയെഴുതുന്നതും ജോലികിട്ടുന്നതും. 'എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഇവിടെ എത്ര ജോലി ചെയ്താലും അവസാനം ചീത്ത വിളി മാത്രമേ ബാക്കിയുള്ളൂ...' ഹരി ഓര്‍ക്കുന്നു. ഇതേകാരണത്താലും പാട്ടുലോകം മാടിവിളിച്ചതിനാലും ആ തൊഴിലിടത്തില്‍ അധികകാലം തുടരാനായില്ല.

Story Of Lyricist B K Harinarayanan By Pattukadha

(മാതാപിതാക്കള്‍ക്കൊപ്പം ഹരിനാരായണന്‍)

ഇക്കാലത്താണ് സുഹൃത്തുക്കള്‍ മുഖേന യാദൃശ്ചികമായി ഒരു ആല്‍ബത്തിനു പാട്ടെഴുതാന്‍ ഒരവസരം ലഭിക്കുന്നത്. '2009 ജൂലൈയില്‍ ആയിരുന്നു അത്. ഈസ്റ്റ് കോസ്റ്റിന്റെ പൊന്നുറുമ്മാല്‍ എന്ന ആല്‍ബമായിരുന്നു അത്. സുഹൃത്തായ ഉണ്ണി നമ്പ്യാരായിരുന്നു സംഗീതം. ആദ്യം പാട്ടെഴുതാന്‍ ഏല്‍പ്പിച്ചത് മറ്റൊരാളെ. പക്ഷേ അദ്ദേഹത്തിന് തിരക്കുമൂലം കഴിയാതെ വന്നു. അങ്ങനെ അവസാന നിമിഷം ഞാന്‍ എഴുതാമെന്നേറ്റു. അഞ്ച് പാട്ടുകളായിരുന്നു പ്ലാന്‍ ചെയ്തത്. 'മനസ്സിലുള്ളൊരു പെണ്ണാണേ, 'ഞാനെന്നും കാത്തുവയ്ക്കണ പട്ടുറുമാല് തുടങ്ങിയ പാട്ടുകള്‍. ട്യൂണിട്ട് എഴുതി പരിചയമില്ലാത്തതിനാല്‍ വളരെ കഷ്ടപ്പെട്ടു അന്ന് പാട്ടുകളുണ്ടാക്കാന്‍...'

ഗിരിജന്‍ എന്ന മ്യൂസിക് ഡയറക്ടറുടെ അയ്യപ്പ ഭക്തിഗാനങ്ങളായിരുന്നു രണ്ടാമത്തെ ആല്‍ബം. ഈ ആല്‍ബത്തില്‍ പാടാന്‍ എത്തിയ ഗായകന്‍ സന്നിധാനന്ദന്‍ തനിക്കു വേണ്ടി എഴുതാമോ എന്ന് ചോദിച്ചു. അങ്ങനെ സന്നിദാനന്ദനു വേണ്ടി കുറേ ഭക്തി ഗാനങ്ങള്‍ എഴുതി. ഇക്കാലത്താണ് ഹരിയും ഉണ്ണി നമ്പ്യാരും കൂടി രസകരമായി ഒരു പരിശീലന പരിപാടി തുടങ്ങിയത്, ഈണത്തിനൊപ്പിച്ച് പാട്ടുണ്ടാക്കുക. 'വെറുതെ പല്ലവിയുടെ ഒരു ഈണമുണ്ടാക്കി ഉണ്ണി ഫോണിലൂടെ പാടിത്തരും. ഞാന്‍ അതിനനുസരിച്ച് വരികള്‍ എഴുതും. അതൊരു നല്ല എക്‌സര്‍സൈസായിരുന്നു. ഒരുപാടുകാലം ഞങ്ങള്‍ ഈ പരിപാടി തുടര്‍ന്നു. ഈണത്തിനൊപ്പിച്ച് വരികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത് ഒരുപക്ഷേ ഈ പരിശീലനമാവും...'

പതിയെപ്പതിയെ സിനിമയിലേക്ക്
പില്‍ക്കാലത്ത് ഹരി തന്നെ എഴുതിയ ഹിറ്റ് പാട്ടാണ് 'പതിയെപ്പതിയെ മുകില്‍ നീക്കിവരും നറുതാരകമാണോ നീ'. ഈ വരികളെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നതാണ് ഹരിനാരായണന്റെ സിനിമാപ്രവേശനവും വളര്‍ച്ചയും. 'ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിക്കൊണ്ടിരുന്ന കാലത്ത് ജയന്‍ എന്ന കൂട്ടുകാരനാണ് എന്നെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ അരികിലെത്തിക്കുന്നത്. അങ്ങനെ 2010ല്‍ ത്രില്ലര്‍ എന്ന സിനിമയ്ക്ക് പാട്ടെഴുതാന്‍ അവസരം കിട്ടി. തമിഴ് സംഗീത സംവിധായകന്‍ ധരണായിരുന്നു സംഗീതം. ഓര്‍മ്മതന്‍ നിലാവേ, പ്രിയങ്കരീ, മിഴിയില്‍, ത്രില്ലര്‍ ത്രില്ലര്‍ തുടങ്ങി നാല് പാട്ടുകള്‍. ഇതില്‍ പ്രിയങ്കരി ശ്രദ്ധിക്കപ്പെട്ടു. ഗായകന്‍ ഹരിചരണിന്റെ മലയാളത്തിലെ ആദ്യഗാനമായിരുന്നു അത്...' ഹരി ഓര്‍ക്കുന്നു.

പിന്നീട് എംഎല്‍എ മണി എന്ന സിനിമ. ഇതിനിടെ ബി ഉണ്ണികൃഷ്ണന്‍ രണ്ടാമതും വിളിച്ചു, ഗ്രാന്‍ഡ് മാസ്റ്ററില്‍ എഴുതാന്‍. ദീപക് ദേവിന്റെ ഈണത്തില്‍ 'പതിയെപ്പതിയെ' ഹിറ്റായി. തുടര്‍ന്ന് ഐലവ് മീ, അന്നും ഇന്നും എന്നും, രാജാധിരാജ തുടങ്ങിയ ചിത്രങ്ങള്‍. 2014ല്‍ മിസ്റ്റര്‍ ഫ്രോഡിനു വേണ്ടി പാട്ടെഴുതാനുള്ള ബി ഉണ്ണികൃഷ്ണന്റെ  അടുത്ത വിളിയായിരുന്നു ഹരിനാരായണന്റെ പാട്ടുജീവിതത്തിന്റെ വഴിത്തിരിവ്. 'ഉണ്ണികൃഷ്ണന്‍ സാര്‍ പറഞ്ഞതനുസരിച്ച് എറണാകുളം വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ എത്തി. അവിടെ വച്ചാണ് ഗോപി സുന്ദറിനെ ആദ്യമായി കാണുന്നത്...' 

പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്. വയലാര്‍ - ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി -ദക്ഷിണാമൂര്‍ത്തി, ബിച്ചു തിരുമല - ശ്യാം, കൈതപ്രം - ജോണ്‍സണ്‍, റഫീഖ് അഹമ്മദ്-  ബിജിബാല്‍ തുടങ്ങിയ ഹിറ്റ് ജോഡികളെ ഓര്‍മ്മപ്പെടുത്തുന്ന തരം ഒരു ന്യൂജന്‍ കൂട്ടുകെട്ട്. ഇതില്‍ പിറന്നതോ ഓലഞ്ഞാലിക്കുരുവി മുതല്‍ അര്‍ജ്ജന്റീന ഫാന്‍സിലെ കൈനീട്ടം വരെയുള്ള 130ല്‍ അധികം ഹിറ്റ് ഗാനങ്ങളും.

'മിസ്റ്റര്‍ ഫ്രോഡിലെ 'മനസിന്‍ സരോദ് മീട്ടി' എന്ന പാട്ടാണ് ഗോപിച്ചേട്ടന്റെ ഈണത്തില്‍ ഞാന്‍ ആദ്യം എഴുതുന്നത്. എന്നില്‍ എന്തോ ഒരു വിശ്വാസം തോന്നിയിരിക്കണം. പിന്നീട് തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിപ്പിച്ചു. എബ്രിഡ് ഷൈനിനെ പരിചയപ്പെടുത്തിയതും അദ്ദേഹമാണ്..' ഹരി ഓര്‍ക്കുന്നു. ഓലഞ്ഞാലിക്കുരുവി, ഓം ശാന്തി ഓശാനയിലെ കാറ്റുമൂളിയോ പ്രണയം, റിംഗ് മാസ്റ്ററിലെ ആരോ ആരോ, സലാല മൊബൈല്‍സിലെ ഈറന്‍കാറ്റിന്‍ ഈണം പോലെ തുടങ്ങി വിവിധ സംഗീത സംവിധായകര്‍ക്കൊപ്പം ഒരുപിടി ഹിറ്റ് ഗാനങ്ങളുമായി മലയാള സിനിമാ സംഗീതത്തില്‍ പാട്ടെഴുത്തിന്റെ പുതിയൊരു യുഗപ്പിറവിയായിരുന്നു 2014.

ഓലഞ്ഞാലിക്കുരുവിയായ കൂട്ടുകാരി 
ഓലത്തുമ്പത്തിരുന്ന് ഊയലാടുന്ന പൈങ്കിളിയെക്കുറിച്ചുള്ള ഒരൊറ്റ ഗാനം മതി ബിച്ചു തിരുമലയെ മലയാളിക്ക് എന്നും ഓര്‍ക്കാന്‍. അതുപോലെ ഹരിനാരായാണന്റെ ജീവിതം മാറ്റിമറിച്ചതും ഒരു ഓലഞ്ഞാലിക്കിളിയാണ്. 1983 എന്ന സിനിമയില്‍ ജയചന്ദ്രന്റെയും വാണിജയറാമിന്റെയും മധുരശബ്ദത്തില്‍ ചിറകടിച്ചുയര്‍ന്ന ഓലഞ്ഞാലിക്കുരുവി. ആ പാട്ടിനെ പറ്റി ചോദിച്ചാല്‍ തലവര മാറ്റിയ പാട്ടെന്ന് ഒറ്റവാക്കില്‍ ഹരി പറയും. ഈ സൂപ്പര്‍ ഹിറ്റ് പാട്ടിന്റെ പിറവി ഒരു തുടക്കക്കാരന്റെ അതേ കൗതുകത്തോടെ ഓര്‍ക്കുന്നുണ്ട് ഹരി.

'1983ന് വേണ്ടി ആദ്യമെഴുതുന്നത്  'പിച്ചവച്ച്' എന്ന ഗാനമാണ്. പിന്നെയാണ് ഓലഞ്ഞാലിയിലേക്ക് വരുന്നത്.  സംവിധായകനും സംഗീത സംവിധായകനും വെട്ടിത്തന്ന വഴിയിലൂടെയാണ് ഓലഞ്ഞാലിക്കുരുവിയുടെ പിറവി. ഈണം കിട്ടി. പക്ഷേ എത്ര ശ്രമിച്ചിട്ടും എഴുതാന്‍ പറ്റുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. അപ്പോള്‍ ഗോപിച്ചേട്ടന്‍ പറഞ്ഞു, ഓലത്തുമ്പത്ത് എന്ന ആ പാട്ടൊന്ന് ഓര്‍ക്കൂ. രാജാസാറിന്റെ ആ ട്യൂണില്‍ എന്തു വരികള്‍ വേണമെങ്കിലും നമുക്ക് എഴുതാം. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന ബിച്ചു തിരുമലയുടെ ഈ വരികള്‍ മാത്രമേ ആ ഈണത്തിനു ചേരൂ. വരികളും ഈണവും തമ്മില്‍ അത്രമാത്രം ജെല്ലായിക്കിടക്കുകയാണ്.

ആ ഈണത്തിന് ഏറ്റവും ചേരുന്ന വരികള്‍ ഇതാണെന്ന് കേള്‍വിക്കാരെ തോന്നിപ്പിക്കുന്നതാണ് മാജിക്ക്.

അതിന് ആ ട്യൂണിലെ ഭാവം തിരിച്ചറിയണം. വരികളിലെ ഭാവം തിരിച്ചറിഞ്ഞാല്‍ മാത്രമേ എഴുതിയ വരികള്‍ക്ക് ട്യൂണ്‍ നല്‍കാന്‍ സംഗീത സംവിധായകന് സാധിക്കൂ. അതുപോലെ ഈണത്തിലെ ഭാവം നീയും തിരിച്ചറിയണം. അതുചിലപ്പോള്‍ ഒരു ചോദ്യമാവാം ഉത്തരമായിരിക്കാം ചിരിയായിരിക്കാം  പ്രണയമായിരിക്കാം...' ഗോപി സുന്ദറിന്റെ വാക്കുകള്‍ വള്ളിപുള്ളി വിടാതെ ഓര്‍ക്കുന്നുണ്ട് ഹരി. 'അതുപോല ഈ ഈണത്തിനുമൊരു ഭാവമുണ്ടെന്നാണ് ഗോപിച്ചേട്ടന്‍ പറഞ്ഞത്. അത് ഒരുതരം കുട്ടിത്തം, കുസൃതി ഒക്കെയായിരുന്നു. വരികളുടെ അവസാനം പ്രാസം വന്നാല്‍ (എന്‍ഡ് റൈം) നന്നാവുമെന്നും അദ്ദേഹം പറഞ്ഞു...' അങ്ങനെ ഹരി ആദ്യവരി എഴുതി. 


കൂട്ടുകാരിക്കുരുവി ഇളംകാറ്റിലാടി വരുനീ.. 

'പിന്നത്തെ വരികളുടെ ഭാവം ഒരു ചോദ്യം പോലെയാവണമെന്നായി ഗോപിച്ചേട്ടന്‍. അങ്ങനെയാണ് വന്നുവോ നിന്നുവോ എന്നെഴുതുന്നത്. പശ്ചാത്തലത്തിലെ സ്‌കൂളിന്റെ ഡിസ്‌ക്രിപ്ഷന്‍ എബ്രിഡ് ഷൈന്‍ വ്യക്തമായി തന്നിരുന്നു. അപ്പോള്‍ ഞാന്‍ സ്വന്തം സ്‌കൂള്‍ ഓര്‍ത്തു. വലിയ ജനലും തേക്കാത്ത ചുമരുകളുമൊക്കെയുള്ള അതുപോലൊരു സ്‌കൂളിലാണ് പണ്ട് ഞാനും പഠിച്ചത്. ആ സ്‌കൂളിനു ചുറ്റുമുള്ള നാലുമണിച്ചെടികള്‍ ഓര്‍ത്തു. പത്തുമണിപ്പൂവുമുണ്ട്. പക്ഷേ നാലുമണിപ്പൂവാണ് എന്നെ ചിരിപ്പിക്കുക. വേഗം വീട്ടിലെത്താലോ..' ഹരിയുടെ ഓര്‍മ്മകളില്‍ ചിരി പുരളുന്നു.

എന്തായാലും എബ്രിഡ് ഷൈനിന്റെ വിവരണം അനുസരിച്ച് ചെറുമഷിത്തണ്ടെന്ന നൊസ്റ്റാള്‍ജിയയൊക്കെ ചേര്‍ത്ത് ഹരിനാരായണന്‍ ഗോപി സുന്ദറിന്റെ ചോദ്യങ്ങള്‍ക്ക് വരികളുണ്ടാക്കി. പനമ്പള്ളി നഗറിലെ സ്റ്റുഡിയോയിലും സംവിധായകന്റെയും ഈണക്കാരന്റെയും ഫ്‌ളാറ്റുകളിലുമൊക്കെയായി മൂന്നുനാല് ദിവസമെടുത്തായിരുന്നു എഴുത്ത്. അവസാനം, കനവിന്‍ മഴയിലോ നനയും ഞാനാദ്യമായി എന്നെഴുതി അടിവരയുമിട്ടു. അപ്പോള്‍ കൂട്ടുകാരിക്കുരുവി എന്ന വാക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്നൊരു അഭിപ്രായം വന്നു. അങ്ങനെയാണ് കൂട്ടുകാരിക്കുരുവിയെ ഹരി ഓലഞ്ഞാലിക്കുരുവിയാക്കുന്നത്.

Story Of Lyricist B K Harinarayanan By Pattukadha

(ഗോപി സുന്ദറിനൊപ്പം)

പൂചൂടിയ ലൈലാകവും മിനുങ്ങുന്ന മിന്നാമിനുങ്ങും
'എസ്ര'യിലെ ലൈലാകമേ എന്ന പാട്ട് ആദ്യം കേട്ടപ്പോള്‍ ഈ ലൈലാകമെന്തെന്ന് പലരും സംശയിച്ചിരിക്കണം.  മലയാളിയുടെ പാട്ടുലോകത്ത് പുതിയൊരു വാക്കായിരുന്നു ലൈലാകം. ലൈലാക്ക് പുഷ്പങ്ങളെ ഇത്ര മനോഹരമായി മലയാളീകരിച്ചതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ അത് തന്റെ മാത്രം മിടുക്കല്ലെന്ന് തുറന്നു പറയും ഹരി. 'നാഗരിക സംസ്‌കാരം കാണിക്കുന്ന വിഷ്വലും മറ്റുമായിരുന്നു ആ പാട്ടില്‍ വേണ്ടത്. അപ്പോള്‍ അവിടെ പുതിയൊരു പദം വേണം. അങ്ങനൊരു വാക്കിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് 'ലൈലാകമേ' കയറി വരുന്നത്. ബോധപൂര്‍വം അങ്ങനെ എഴുതിയതല്ല, അങ്ങ് സംഭവിച്ചതാണ്. പിന്നെ സത്യത്തില്‍ ഈ ലൈലാകം എന്ന വാക്ക് എനിക്ക് കിട്ടിയത് തന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സാറിന്റെ ഒരു കവിതയില്‍ നിന്നാണ്. 'ജലഗിത്താറിന്റെ ലൈലാകഗാനവും പ്രണയ നൃത്തം ചവിട്ടിയ പാതിരാതിരുവുകള്‍' എന്ന കവിതയില്‍ നിന്നാണ് ലൈലാകം എന്റെ ഉള്ളില്‍ കടന്നു കൂടിയത് എന്നാണ് ഞാന്‍ കരുതുന്നത്...'

അമ്മയുടെ ആശുപത്രിക്കിടക്കയുടെ അരികിലിരുന്നാണ് ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എഴുതുന്നത്. പ്രിയദര്‍ശനൊപ്പം ആദ്യമായിട്ടായിരുന്നു ജോലി ചെയ്യുന്നത്. തീവണ്ടിയിലെ 'ജീവാംശമായി താനേ' ജോസഫിലെ 'കണ്ണെത്താ ദൂരം', 'ഏതേതോ തീരങ്ങളില്‍' എന്നീ പാട്ടുകള്‍ക്കായിരുന്നു പുരസ്‌കാരം. ഫോണിലൂടെ ചര്‍ച്ച ചെയ്താണ് ജീവാംശം എഴുതുന്നത്. സംഗീത സംവിധായകനായ കൈലാസിനെ നേരില്‍ക്കാണുന്നത് പിന്നീടാണ്. ഇടയ്ക്ക് ജീവാംശം എന്ന വരിയെപ്പറ്റി ചിലര്‍ക്ക് സംശയമുണ്ടായി. അങ്ങനൊരു വരി വേണോ എന്ന് ടീമിലെ പലരും ചോദിച്ചിരുന്നു. എന്നാല്‍ കൈലാസും സംവിധായകന്‍ ഫെല്ലിനിയും അത് തന്നെ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞു. 

കൂട്ടായ്‍മകളുടെ എഴുത്തുകാരന്‍
ഇങ്ങനെ ഈണത്തിനൊപ്പിച്ചും കൂട്ടായ ചര്‍ച്ചകളിലൂടെയുമൊക്കെ പാട്ടുകളുണ്ടാക്കുന്നതില്‍ ഹരിക്ക് സന്തോഷം മാത്രം. വലിയൊരു കൂട്ടായ്മയായ സിനിമയില്‍ ഒരാള്‍ക്ക് മാത്രമായി എന്തു സ്വാതന്ത്ര്യം കിട്ടാനാണെന്നാണ് ഹരി ചോദിക്കുന്നത്. 'ഒരു വലിയ കൂട്ടായ്മയുടെ ഒപ്പം നില്‍ക്കുവാന്‍ സാധിക്കുന്നതു തന്നെ വലിയ കാര്യമല്ലേ? പാട്ടു ഹിറ്റാകുന്നത് എഴുത്തുകാരന്റെ മാത്രം മിടുക്കല്ല. അതിനു പല കാരണങ്ങളുണ്ട്. ആദ്യം സിനിമ മികച്ചതാകണം, അതുപോലെ മനസില്‍ തൊടണം പാട്ടിന്റെ ദൃശ്യങ്ങളും. എന്റെ ശ്രദ്ധേയമായ ഗാനങ്ങള്‍ മിക്കതും അങ്ങനെയായതിനു കാരണം ഈ ഘടകങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു എന്നതാണ്. ഒരു കൂട്ടായ്മയുടെ ഭാഗമായിട്ടാണ് അതുണ്ടായത്. അതുകൊണ്ടാണ് വ്യത്യസ്തത അനുഭവപ്പെടുന്നത്. എന്റെ മാത്രം അനുഭവമാണെങ്കില്‍ പാട്ടുകള്‍ക്ക് ഏകതാന സ്വഭാവം മാത്രമേ ഉണ്ടാകൂ. പാട്ടുകളില്‍ വൈവിധ്യം അനുഭവപ്പെടുന്നതിന്റെ ക്രെഡിറ്റ് സംഗീത സംവിധായകനും സംവിധായകനുമൊക്കെയുള്ളതാണ്.

കവിത വേറെ, പാട്ട് വേറേ
രണ്ടു തലത്തിലുള്ളവയാണ് കവിതയും സിനിമാപ്പാട്ടും. ഒന്നു സ്വഗതാഖ്യാനവും മറ്റേത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എഴുതുന്നതുമാണ്. കവിത എഴുതുമ്പോള്‍ നമ്മുടെ മാത്രം സംതൃപ്തി നോക്കിയാല്‍ മതി. എന്നാല്‍ സിനിമയ്ക്ക് പാട്ട് എഴുതുന്നത് അങ്ങനെയല്ല. നേരത്തെ ചിന്തിച്ച് ഉറപ്പിച്ച ഫ്രെയിമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും അനുസരിച്ചാണ് പാട്ടെഴുത്ത്. അതുപോലെ പാട്ട് കേള്‍ക്കുന്ന കാലമല്ല ഇന്ന്. കാഴ്ചയുടെ കാലം കൂടിയാണ്. പാട്ടുകളുടെ വീഡിയോയാണ് ഇപ്പോള്‍ ആദ്യം പുറത്തുവരുന്നത്. അതൊക്കെ നമ്മുടെ എഴുത്തിനെയും സ്വാധീനിക്കും. കൂടുതല്‍ ആള്‍ക്കാരിലേക്കു കുറഞ്ഞ കാലം കൊണ്ടു ചെന്നെത്തുന്ന പാട്ടുകളാണു ഇന്നു വേണ്ടത്. അതായത് ആദ്യത്തെ രണ്ടു വരി കൊണ്ടു പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടി വരും. അതെല്ലാം ഉള്‍ക്കൊണ്ടു കൊണ്ടു മുന്‍പോട്ടു പോകാനാണ് ശ്രമം.


അയ്യന്റെ രാഷ്ട്രീയം

ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും
ആര്യവേദസ്സല്ലിതയ്യന്‍..
തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ -
സ്പന്ദനമാണെനിക്കയ്യന്‍..

ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഉപയോഗിച്ച് മലയാളി മനസുകളെ ആയുധപ്പുരകളാക്കാനുള്ള ശ്രമം നടന്ന കഴിഞ്ഞ മണ്ഡലകാലത്ത് പുറത്തിറങ്ങിയ 'അയ്യന്‍' എന്ന ആല്‍ബത്തിനു വേണ്ടി ഹരിനാരായണന്‍ എഴുതിയ വരികളാണിത്. പാട്ടു കേട്ട് ചിലര്‍ ഇങ്ങനെ കുറിച്ചു: 'ഇതാണെന്റെ അയ്യന്‍. സാധിക്കുമെങ്കില്‍ ശബരിമലയിലെ ഉണര്‍ത്തുപാട്ടാക്കണം ഇത്..' ബിജിബാലും ഹരിനാരായണനും പാടി അഭിനയിച്ച അയ്യന്‍ മലയാളി മനസുകള്‍ക്ക് അത്രമേല്‍ സ്വാന്തനമായിരുന്നു.

ലളിതമായ ഭാഷയും ഒട്ടും സങ്കീര്‍ണമല്ലാത്ത ഈണവും ഉപയോഗിച്ച് അയ്യനെന്ന അയ്യപ്പന്റെ വേറിട്ട വായനയിലൂടെ അതിശക്തമായ രാഷ്ട്രീയം പറഞ്ഞു ഇരുവരും. ഒരുപക്ഷേ 'ആല്‍ബം' എന്ന മലയാളിയുടെ പരമ്പരാഗത സങ്കല്‍പ്പത്തിന്റെ തന്നെ പൊളിച്ചെഴുത്തായിരുന്നു 'അയ്യന്‍.' 

പാട്ടെഴുത്തെന്ന കലയിലൂടെ തന്നെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തില്‍ പ്രതികരിക്കാന്‍ കിട്ടിയ അപൂര്‍വ്വ അവസരമെന്നാണ് ഇതേക്കുറിച്ച് ഹരിനാരായണന്‍ പറയുന്നത്. 'സിനിമാപ്പാട്ടെഴുത്ത് ഒരു തൊഴിലായി സ്വീകരിച്ചവര്‍ക്ക് പല രീതിയിലും എഴുതേണ്ടി വരും. എന്നാല്‍ നമ്മുടെ മാത്രം ഉള്ളിലെ ആശയമാണ് അയ്യന്‍. നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞ അയ്യന്‍ എന്ന വിശാലമായ സങ്കല്‍പ്പത്തെക്കുറിച്ചാണ് എഴുതിയത്. സിനിമകള്‍ക്കു വേണ്ടി എഴുതുന്ന പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ സന്തോഷം തോന്നും. എന്നാല്‍ അയ്യന്‍ വേറിട്ടൊരു സന്തോഷമാണ്. മാനവികതയുടെ രാഷ്ട്രീയം പറയുന്ന ഒരു ശാന്തിഗീതം എഴുതാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷം മാത്രം...' ഹരിനാരായണന്‍ പറയുന്നു.

Story Of Lyricist B K Harinarayanan By Pattukadha

ആത്മ ഗുരുക്കന്മാര്‍
എല്ലാ തലമുറയിലെയും ഈണക്കാരെയും പാട്ടെഴുത്തുകാരെയും ഇഷ്ടമാണ് ഹരിക്ക്.  ജോണ്‍സണ്‍ മാഷും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ ബാല്യ കൗമാരങ്ങളെ  ഓര്‍മ്മപ്പെടുത്തും. പാതിരാപ്പുള്ളുണര്‍ന്നു, നിലാവിന്റെ നീല ഭസ്മം, വാല്‍ക്കണ്ണെഴുതിയ തുടങ്ങിയ പാട്ടുകളൊക്കെ അത്തരം ചില ഓര്‍മ്മകളാണ് ഹരിക്ക്. എങ്കിലും പി ഭാസ്‌ക്കരനും റഫീക്ക് അഹമ്മദിനും ആത്മാവില്‍ അല്‍പം അധിക സ്ഥാനമുണ്ട്.

സിനിമയില്‍ പാട്ടെഴുത്തുകാരനാകണമെന്ന് മോഹിച്ചു നടന്ന കോളേജ് കാലത്താണ് ഒരു പാട്ടെഴുത്തുകാരനെ ആദ്യമായി ഹരിനാരായണന്‍ നേരില്‍ കാണുന്നത്. റഫീഖ് അഹമ്മദ് എന്ന സ്വന്തം നാട്ടുകാരനായിരുന്നു അത്. 'ഒരു പാട്ടെഴുത്തുകാരന്‍ എന്നാല്‍ ഏതോ ലോകത്തെ ആകാശത്ത് നില്‍ക്കുന്ന ഒരാളെന്ന ധാരണയായിരുന്നു അതുവരെ എനിക്ക്. അപ്പോഴാണ് ചൂടുള്ള ചോറുംപാത്രവുമായി ഞാന്‍ കയറിയ അതേ ബസില്‍ കയറുന്ന സര്‍ക്കാര്‍ ജീവനക്കാരനായ ഒരു പാട്ടെഴുത്തുകാരനെ കാണുന്നത്. നോവിന്‍ പെരുമഴക്കാലവും പറയാന്‍ മറന്ന പരിഭവങ്ങളും തെക്കിനിക്കോലായ ചുവരുമൊക്കെ എഴുതിയ മനുഷ്യനാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി..!' ഹരിയുടെ ശബ്ദത്തില്‍ ഇപ്പോഴുമുണ്ട് അദ്ഭുതം. 'അദ്ദേഹത്തെ പോലാകണമെന്നൊക്കെ മോഹമുണ്ടായിരുന്നു. പിന്നീട് റഫീഖിക്ക എന്റെ ജ്യേഷ്ഠനായി. വഴികാട്ടിയും സുഹൃത്തുമൊക്കെയായി. രക്തബന്ധത്തെക്കാള്‍ അടുപ്പമുള്ളവരായി. അതൊക്കെ വലിയൊരു ഭാഗ്യമല്ലേ...?!' അക്കിക്കാവുകാരന്റെ നിഷ്‌കളങ്കതയോടെ ഹരിനാരായണന്‍ ചോദിക്കുന്നു.

Story Of Lyricist B K Harinarayanan By Pattukadha

(റഫീഖ് അഹമ്മദിനൊപ്പം)

ചാരുലതയിലെ നടന്‍
സംഗീതം കൊണ്ടും ദൃശ്യഭംഗി കൊണ്ടും സമ്പന്നമായിരുന്നു മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം നേടിയ 'ചാരുലത' എന്ന ആല്‍ബം. ശ്രുതി നമ്പൂതിരി എഴുതി സുദീപ് പലനാട് ഈണമിട്ട ഈ ആല്‍ബത്തിലൂടെ ഹരിനാരായണനിലെ നടനെയും മലയാളി കണ്ടു. 'സൗഹൃദത്തിന്റെ ഭാഗമായി സംഭവിച്ച ഒന്നാണ് ചാരുലത. ഒരു കൗതുകത്തോടെയാണ് ഞാനതിലേക്ക് വന്നത്.  ആദ്യമായിട്ടാണ് അത്തരത്തില്‍ ഒരു വര്‍ക്ക് ചെയ്യുന്നത്. ക്യാമറയ്ക്ക് മുമ്പില്‍ വളരെ സങ്കോചത്തോടെയായിരുന്നു എന്റെ നില്‍പ്പ്. എന്നെ ആവിഷ്‌കരിക്കാന്‍ പറ്റിയെന്ന് പലപ്പോഴും എനിക്ക് തോന്നിയില്ല. ഒരുപാട് ടേക്കുകളില്‍ നിന്നൊക്കെയാണ് അവര്‍ ഓരോന്നും എടുത്തത്. ചാരുലത കണ്ട് നല്ല അഭിപ്രായം പറയുന്നവരും എന്റെ കുഴപ്പങ്ങളെ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. പക്ഷെ ഞാന്‍ അത് ആത്മവിശ്വാസത്തോടുകൂടി ചെയ്ത ഒന്നല്ല. അതുകൊണ്ടുതന്നെ അഭിനയത്തില്‍ എന്നെ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ പാട്ട് എഴുതുമ്പോള്‍ അല്ലെങ്കില്‍ ഒരു വരി എഴുതുമ്പോള്‍ എനിക്ക് ലഭിക്കുന്ന ഒരു ഗ്രിപ്പ് ഉണ്ട്. അപ്പോഴാണ് നമുക്ക് നമ്മളെ കൂടുതല്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത്...' അഭിനേതാവ് എന്ന നിലയില്‍ ഹരിനാരായണന്‍ നയം വ്യക്തമാക്കുന്നു.

ജീവാംശമായി അംഗീകാരം
അവാര്‍ഡിനെപ്പറ്റി ചോദിച്ചാല്‍ ഹരിനാരായണന്‍ ഉറപ്പിച്ചു പറയും, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതെന്ന്. താരതമ്യേന പുതിയൊരാള്‍, എപ്പോഴെങ്കിലും സംഭവിക്കാം എന്നൊരു തോന്നലുണ്ടായിരുന്നുവെന്നു മാത്രം. അവാര്‍ഡ് പ്രഖ്യാപന ദിവസത്തെ അമ്മയുടെ കരച്ചില്‍ ഓര്‍ക്കുമ്പോള്‍ ഹരി വീണ്ടുമൊരു കുട്ടിയാവും, അടുക്കള പാത്രങ്ങളില്‍ താളമിടുന്ന പഴയ കുട്ടി. 'അന്ന് അമ്മ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ ഞാനും കരഞ്ഞു പോയി. ജോലിയൊക്കെ കളഞ്ഞു നടക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് ഒരുപാട് ആകുലതകള്‍ ഉണ്ടായിരുന്നിരിക്കും. അതിനൊക്കെ ഇതൊക്കെയല്ലാതെ എന്തു തിരിച്ചുകൊടുക്കാനാണ്...?!'

 

ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!

അമ്മക്കുയിലിന്‍റെ പാട്ടുകാരന്‍

പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

കാതരമൊരു പാട്ടായ് ഞാനില്ലേ..?!

ജീവിതം തന്ന ഫാത്തിമ...!

2018ന്‍റെ പാട്ടോര്‍മ്മകള്‍

"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

ശാന്തിഗീതമാണെനിക്ക് അയ്യന്‍..

"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

ആരായിരുന്നു ജോയ് പീറ്റര്‍?

Follow Us:
Download App:
  • android
  • ios