ഇപിഎഫ് തുക മുഴുവനായി പിൻവലിക്കുന്നതിന് ഇപിഎഫ്ഒ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിരമിക്കൽ, അല്ലെങ്കിൽ രണ്ട് മാസത്തിൽ കൂടുതൽ തൊഴിലില്ലാതെ തുടരുക തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ 100% തുക പിൻവലിക്കാൻ സാധിക്കൂ. ജോലി മാറുമ്പോൾ പണം പിൻവലിക്കുന്നതിന് പകരം പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ഉചിതം.
റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഒരു പരിധി വരെയെങ്കിലും ആശ്വാസമാകുമെന്ന് പലരും മുന്നിൽക്കാണുന്ന ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). എന്നാൽ അടിയന്തര ഘട്ടങ്ങളിൽ പണം പിൻവലിക്കാനായി ഇപിഎഫ്ഒയിൽ ഓപ്ഷനുകളുണ്ട്. നിലവിൽ 'ഇപിഎഫ്ഒ 3.0' മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. സേവനങ്ങളുടെ ഡിജിറ്റലൈസേഷനടക്കം നടക്കുന്ന ഈ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും പിഎഫ് അക്കൗണ്ടിലെ തുക 100 ശതമാനവും പിൻവലിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ ഇതിന് കഴിയില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പിഎഫ് തുക മുഴുവനായി പിൻവലിക്കാൻ അനുവാദമുള്ളത്. ജോലിയിൽ തുടരുന്ന കാലത്തോളം മുഴുവൻ തുകയും പിൻവലിക്കുന്നതിന് ഇപിഎഫ്ഒ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എപ്പോഴൊക്കെ 100% തുക പിൻവലിക്കാം?
പിഎഫ് ഹോൾഡറിന് അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാഹചര്യം വിരമിക്കൽ കാലഘട്ടമാണ്. നിലവിലെ നിയമപ്രകാരം 58 വയസ് പൂർത്തിയാകുമ്പോൾ അംഗങ്ങൾക്ക് ഫൈനൽ സെറ്റിൽമെന്റിനായി അപേക്ഷിക്കാം. ഈ ഘട്ടത്തിൽ മുഴുവൻ തുകയും ലഭിക്കും.
ഇനി, ജോലി നഷ്ടപ്പെടുകയോ ജോലി രാജിവെക്കുകയോ ചെയ്ത ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് മറ്റ് ജോലികൾ ലഭിക്കാതിരുന്നാൽ മുഴുവൻ തുകയും പിൻവലിക്കാം. ജോലിയില്ലാത്ത ആദ്യത്തെ ഒരു മാസം പൂർത്തിയാകുമ്പോൾ ആകെ തുകയുടെ 75 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. രണ്ടുമാസമോ അതിൽ കൂടുതലോ തൊഴിലില്ലാതെ തുടരുകയാണെങ്കിൽ ബാക്കിയുള്ള തുക കൂടി പൂർണമായി പിൻവലിക്കാൻ അപേക്ഷിക്കാം.
ജോലി മാറുമ്പോൾ പണം പിൻവലിക്കണോ?
പല ജീവനക്കാരും കരുതുന്നത് ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുമ്പോൾ പഴയ പിഎഫ് തുക മുഴുവൻ പിൻവലിക്കണമെന്നാണ്. എന്നാൽ ഇത് തെറ്റായ ധാരണയാണ്. ജോലി മാറുമ്പോൾ പഴയ അക്കൗണ്ടിലെ പണം യുഎൻ (UAN) നമ്പർ ഉപയോഗിച്ച് പുതിയ തൊഴിലുടമയുടെ കീഴിലുള്ള അക്കൗണ്ടിലേക്ക് മാറ്റാനാണ് ഇപിഎഫ്ഒ നിർദ്ദേശിക്കുന്നത്.
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ പിഎഫ് തുകയ്ക്ക് തടസമില്ലാതെ പലിശ ലഭിക്കുകയും സർവീസ് റെക്കോർഡ് ബ്രേക്ക് ആകാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും. ഇടയ്ക്കിടെ ജോലി മാറുമ്പോൾ പണം മുഴുവൻ പിൻവലിക്കുന്നത് നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, സാഹചര്യങ്ങൾക്കനുസരിച്ച് നികുതി ബാധ്യതകൾക്കും കാരണമായേക്കാം.
ഭാഗികമായി പണം പിൻവലിക്കാം (PF Advance)
മുഴുവൻ തുകയും പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, നിർണായകമായ ചില ആവശ്യങ്ങൾക്കായി ഭാഗികമായി പണം പിൻവലിക്കാൻ (PF Advance) ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- ഉന്നത വിദ്യാഭ്യാസം, സ്വന്തം ആവശ്യങ്ങൾക്കോ കുടുംബാംഗങ്ങളുടെയോ വിവാഹം.
- വീട് വാങ്ങുക, വീട് നിർമ്മിക്കുക അല്ലെങ്കിൽ ഭവന വായ്പാ തിരിച്ചടവ്.
- ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ.
ഇത്തരം ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള യോഗ്യതകളും തുകയും സർവീസ് കാലയളവിനെയും ആശ്രയിച്ചിരിക്കും.
പിഎഫ് തുക പിൻവലിക്കും മുൻപ് ഓർക്കാൻ
നിർബന്ധിത സമ്പാദ്യം, തൊഴിലുടമയുടെ വിഹിതം, കൃത്യമായ വാർഷിക പലിശ എന്നിവ ഒത്തുചേരുന്ന ചുരുക്കം ചില മികച്ച സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് ഇപിഎഫ്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി മുഴുവൻ തുകയും പിൻവലിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം. അടിയന്തര സാഹചര്യങ്ങൾ ഇല്ലെങ്കിൽ ജോലി മാറുമ്പോഴും പിഎഫ് തുക പിൻവലിക്കാതെ പുതിയ അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപമായി തുടരുന്നതാണ് എപ്പോഴും നല്ലത്.


