കാർഡ് നൽകുന്നതിന് മുൻപ് അറിയേണ്ട പ്രധാന കാര്യമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ആര്‍ബിഐയുടെ ചില നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വർണ ആഭരണങ്ങള്‍ വാങ്ങുന്നത് ലാഭകരമാണോ? ഈ സംശയം ഉള്ളവർ കാർഡ് നൽകുന്നതിന് മുൻപ് അറിയേണ്ട പ്രധാന കാര്യമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ആര്‍ബിഐയുടെ ചില നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത്. 2013 ല്‍, സ്വര്‍ണ്ണ ഇറക്കുമതിയും ചില്ലറ വില്‍പ്പന ഉപഭോഗവും നിയന്ത്രിക്കാന്‍ ആര്‍ബിഐ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സ്വര്‍ണം ഇഎംഐ ആയി നല്‍കരുതെന്നായിരുന്നു ഇതില്‍ പ്രധാനം. കൂടാതെ, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാനും സാധിക്കില്ല.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതിന്‍റെ ഗുണങ്ങള്‍

  • സൗകര്യപ്രദമായ പേയ്മെന്‍റ്:

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിനാല്‍ വലിയ അളവില്‍ പണം കൊണ്ടുപോകേണ്ട ആവശ്യമില്ല. ഇത് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ്.

  • റിവാര്‍ഡ് പോയിന്‍റുകളും ക്യാഷ്ബാക്കും:

പല ക്രെഡിറ്റ് കാര്‍ഡുകളും ആഭരണം വാങ്ങുമ്പോള്‍ റിവാര്‍ഡ് പോയിന്‍റുകള്‍, ക്യാഷ്ബാക്ക് അല്ലെങ്കില്‍ കിഴിവുകള്‍ നല്‍കുന്നു.

  • പലിശ രഹിത കാലയളവ്:

മിക്ക ക്രെഡിറ്റ് കാര്‍ഡുകളും 45-50 ദിവസം വരെ പലിശ രഹിത കാലയളവ് വാഗ്ദാനം ചെയ്യുന്നു. നിശ്ചിത തീയതിക്ക് മുമ്പ് മുഴുവന്‍ തുകയും അടച്ചാല്‍, പലിശ നിരക്കുകള്‍ ഒഴിവാക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതിലെ വെല്ലുവിളികള്‍

  • ഉയര്‍ന്ന പലിശ നിരക്കുകള്‍:

മുഴുവന്‍ തുകയും കൃത്യസമയത്ത് അടച്ചില്ലെങ്കില്‍, ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 40% വരെ ഉയര്‍ന്നേക്കാം.

  • കടബാധ്യത:

കൃത്യമായ ആസൂത്രണമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കടത്തിലേക്ക് നയിച്ചേക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഓഫറുകള്‍ താരതമ്യം ചെയ്യുക: ക്യാഷ്ബാക്ക്, കിഴിവുകള്‍ അല്ലെങ്കില്‍ റിവാര്‍ഡുകള്‍ നല്‍കുന്ന കാര്‍ഡ് ഉപയോഗിക്കുക
  • ബജറ്റ് ആസൂത്രണം ചെയ്യുക: സാമ്പത്തിക പരിധിക്കുള്ളില്‍ സ്വര്‍ണം വാങ്ങുക. മറ്റ് ചെലവുകളെ ബാധിക്കാതെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക.
  • ആനുകൂല്യങ്ങളുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക: ചില പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ മികച്ച റിവാര്‍ഡ് പോയിന്‍റുകള്‍ നല്‍കുന്നു.