ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ മരണശേഷം കുടുംബത്തിന് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും. ഇപിഎഫ്ഒ പോർട്ടൽ വഴി ഓൺലൈനായി ഇ-നോമിനേഷൻ പൂർത്തിയാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ശമ്പളക്കാരായ ജീവനക്കാർ ഭാവിയിലേക്കായി കരുതി വക്കുന്ന ഒരു പ്രധാനപ്പെട്ട നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). എന്നാൽ, പലരും ഇതിൽ നോമിനിയെ ചേർക്കാൻ (EPF Nomination) വിട്ടുപോകാറുണ്ട്. ഇവിടെ അക്കൗണ്ട് ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ട് (EPF), പെൻഷൻ (EPS), ഇൻഷുറൻസ് (EDLI) ആനുകൂല്യങ്ങൾ യാതൊരു തടസവുമില്ലാതെ വേഗത്തിൽ ലഭിക്കാൻ നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം.
1. മരണശേഷം കുടുംബാംഗങ്ങൾക്കിടയിൽ പണത്തെച്ചൊല്ലി ഉണ്ടായേക്കാവുന്ന തർക്കങ്ങളും അനാവശ്യമായ പേപ്പർവർക്കുകളും ഇത് ഇല്ലാതാക്കുന്നു.
2. വിവാഹം, കുട്ടികളുടെ ജനനം തുടങ്ങിയ പ്രധാന ജീവിത സാഹചര്യങ്ങളിൽ നോമിനേഷൻ പുതുക്കേണ്ടത് അനിവാര്യമാണ്.
ആർക്കൊക്കെ ഇ-നോമിനേഷൻ ചെയ്യാം?
ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉള്ള എല്ലാ ഇപിഎഫ് അംഗങ്ങൾക്കും ഓൺലൈനായി നോമിനിയെ ചേർക്കാം. ഇ-സൈൻ (e-sign) ചെയ്യുന്നതിനായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ആക്ടീവായിരിക്കണം.
ഇത് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ്. നോമിനേഷൻ നൽകിയില്ലെങ്കിലോ അത് അപ്ഡേറ്റ് ചെയ്യണമെങ്കിലോ ഒന്നും ഇപ്പോൾ ഇപിഎഫ്ഒ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) തങ്ങളുടെ പോർട്ടൽ വഴി ഇതിനായി ഓൺലൈൻ 'ഇ-നോമിനേഷൻ' (e-Nomination) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-നോമിനേഷൻ ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
ആദ്യം പോർട്ടലിൽ ലോഗിൻ ചെയ്യുക. ഇപിഎഫ്ഒ മെമ്പർ പോർട്ടലിൽ നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്. ഇതിന് ശേഷം ഇ-നോമിനേഷൻ വിൻഡോ തുറക്കുക. ഇതിനായി മെനുവിലെ 'Manage' എന്ന ടാബ് തിരഞ്ഞെടുത്ത് അതിൽ കാണുന്ന 'e-Nomination' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ഫാമിലി ഡിക്ലറേഷൻ ചോദിക്കുമ്പോൾ 'Yes' നൽകുക. ശേഷം നോമിനിയുടെ പേര്, ജനനത്തീയതി, ആധാർ വിവരങ്ങൾ, വിലാസം, ഫോട്ടോ എന്നിവ നൽകുക. ഒന്നിൽക്കൂടുതൽ നോമിനികളുണ്ടെങ്കിൽ ഓരോരുത്തർക്കും എത്ര ശതമാനം തുക ലഭിക്കണം (Percentage Share) എന്നും കൃത്യമായി നൽകി സേവ് ചെയ്യുക. ഇനി വിവരങ്ങൾ സേവ് ചെയ്തതുകൊണ്ട് മാത്രം നോമിനേഷൻ പൂർത്തിയാകില്ല. 'e-sign' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറോ വിർച്വൽ ഐഡിയോ (VID) നൽകുക. തുടർന്ന് ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ വരുന്ന ഒടിപി നൽകി വെരിഫൈ ചെയ്യുക. ഭൂരിഭാഗം പേരും വിവരങ്ങൾ സേവ് ചെയ്തതിനു ശേഷം അവസാനത്തെ 'ഇ-സൈൻ' ചെയ്യാൻ മറന്നുപോകാറുണ്ട്. ആധാർ ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി 'Nomination Successful' എന്ന് കാണിച്ചാൽ മാത്രമേ നോമിനേഷൻ പൂർത്തിയാകൂ എന്ന് മനസിലാക്കുക. ഭാവിയിലെ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇപ്പോൾത്തന്നെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പരിശോധിച്ച് ഇ-നോമിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.


