ഇന്ത്യയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഏകദേശം 40% ഇ.എം.ഐ വഴിയാണ് വാങ്ങുന്നത്.

രു ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഉയര്‍ന്ന വില കാരണം അത് വേണ്ടെന്ന് വെക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള ഫോണും, ആഡംബര ഉത്പന്നങ്ങളും ഇപ്പോള്‍ ഒരു കൈയ്യകലത്ത് മാത്രം. മാസത്തവണകളായി (ഇ.എം.ഐ) പണം അടച്ച് ഇവ സ്വന്തമാക്കാന്‍ പുതിയ തലമുറയെ സഹായിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലെ വേഗമേറിയ സാമ്പത്തിക സേവനങ്ങളാണ്. പുതിയ തലമുറയുടെ ഈ ഉപഭോഗ രീതി ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

ഇ.എം.ഐ സൗകര്യങ്ങളിലൂടെ ആഡംബര ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഏകദേശം 40% ഇ.എം.ഐ വഴിയാണ് വാങ്ങുന്നത്. ഐഫോണുകളുടെ കാര്യത്തില്‍ ഇത് 70% വരെ ഉയരും. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഇ.എം.ഐ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നവിസ് പറയുന്നു. ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങള്‍ ഒന്നിച്ച് പണം നല്‍കാതെ വാങ്ങാനുള്ള സൗകര്യം ആളുകളെ ആകര്‍ഷിക്കുന്നു.

അമ്പരപ്പിക്കുന്ന ആമസോണ്‍ പ്രൈം ഡേയ്‌സ്

ഇ.എം.ഐയുടെ സാധ്യതകള്‍ എത്രത്തോളമാണെന്ന് ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേയിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ 12 മുതല്‍ 14 വരെ നടന്ന പ്രൈം ഡേ വില്‍പ്പനയില്‍ നാലില്‍ ഒരാള്‍ ഇ.എം.ഐ വഴിയാണ് സാധനങ്ങള്‍ വാങ്ങിയത്. ഇതില്‍ 90% നോ കോസ്റ്റ് ഇ.എം.ഐ ആയിരുന്നു. 30,000 രൂപയില്‍ കൂടുതല്‍ വിലയുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ 60% വര്‍ധനയാണ് ഉണ്ടായത്. ഈ വളര്‍ച്ചയുടെ 70% സംഭാവന ചെയ്തത് ടയര്‍-2 നഗരങ്ങളില്‍ നിന്നുള്ളവരാണ്.

ഹോം ക്രെഡിറ്റ് എന്ന കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനിയുടെ 'ഹൗ ഇന്ത്യ ബോറോസ് 2024' എന്ന പഠനം അനുസരിച്ച്, ഇടത്തരം വരുമാനക്കാരായ ഉപഭോക്താക്കളില്‍ 65% പേരും ഡിജിറ്റല്‍ ഫിനാന്‍സ് ടൂളുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ 43% പേര്‍ ഇ.എം.ഐ കാര്‍ഡുകളും 64% പേര്‍ എംബഡഡ് ഫിനാന്‍സും ഉപയോഗിക്കുന്നു . യാത്രാ രംഗത്തും ഈ മാറ്റം ദൃശ്യമാണ്. മേക്ക് മൈ ട്രിപ്പ് പോലുള്ള ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമുകള്‍ 'ബുക്ക് നൗ പേ ലേറ്റര്‍' , സൗകര്യങ്ങള്‍ നല്‍കുന്നു. കുറഞ്ഞ തുകയുടെ ഇടപാടുകള്‍ക്ക് ബുക്ക് നൗ പേ ലേറ്റർ ഉപയോഗിക്കുമ്പോള്‍, ഉയര്‍ന്ന തുകയുടെ ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐയാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ ഇ.എം.ഐ

ഇ.എം.ഐ സൗകര്യങ്ങള്‍ ലഭിക്കാന്‍ ഇനി ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമില്ലെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. 'ലേസിപേ ഇ.എം.ഐ' പോലുള്ള പുതിയ ഫീച്ചറുകള്‍ വഴി 1 ലക്ഷം രൂപ വരെ ഇ.എം.ഐയില്‍ സാധനങ്ങള്‍ വാങ്ങാം. 3 മുതല്‍ 12 മാസം വരെ അടവ് കാലാവധി തിരഞ്ഞെടുക്കാം. ഇത് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം 15-20% വര്‍ദ്ധിപ്പിക്കുമെന്ന് ലേസിപേയുടെ ബിസിനസ് ഹെഡ് അങ്കിത് നഹത പറയുന്നു. ഇ.എം.ഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആഡംബര വസ്തുക്കള്‍ സ്വന്തമാക്കാന്‍ സഹായിക്കുമെങ്കിലും, ഇതിന് ചില ദോഷവശങ്ങളുമുണ്ട്. പെര്‍ഫിയോസ്, പിഡബ്ല്യൂസി ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യയിലെ ശമ്പളക്കാരായ ആളുകള്‍ തങ്ങളുടെ മാസ വരുമാനത്തിന്റെ 33% ത്തിലധികം ഇ.എം.ഐ അടവുകള്‍ക്കായി ചിലവഴിക്കുന്നു.

'ഹൗ ഇന്ത്യ സ്‌പെന്‍ഡ്‌സ്: എ ഡീപ് ഡൈവ് ഇന്റു കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് ബിഹേവിയര്‍' എന്ന റിപ്പോര്‍ട്ടില്‍, ആളുകള്‍ അവരുടെ ചിലവുകളുടെ 62% ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ ഇതിനായി സാധാരണ വരുമാനക്കാരേക്കാള്‍ മൂന്നിരട്ടി പണം ചിലവഴിക്കുന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇ.എം.ഐയെ ഒരു സൗകര്യമായി കാണുമ്പോള്‍ തന്നെ, കടക്കെണിയില്‍ പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നാണ്.