സ്വര്‍ണ്ണപ്പണയം എടുക്കുമ്പോള്‍ പലിശ നിരക്കിനേക്കാള്‍ പ്രധാനം തിരിച്ചടവ് രീതി തിരഞ്ഞെടുക്കുന്നതാണ്. പലിശ മാത്രം അടയ്ക്കുക, ഒന്നിച്ചടയ്ക്കുക, പാര്‍ട്ട്-പേയ്മെന്റ്, ഇ.എം.ഐ എന്നിങ്ങനെ വിവിധ രീതികളുണ്ട്. ഇതില്‍ പലിശ മാസം തോറും അടയ്ക്കുകയും, കിട്ടുമ്പോഴൊക്കെ മുതലിലേക്ക് ഭാഗികമായി പണമടയ്ക്കുകയും ചെയ്യുന്നതാണ് ഏറ്റവും ലാഭകരം.

സ്വര്‍ണ്ണം പണയം വെച്ച് പെട്ടെന്ന് പണമെടുക്കാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമാണ്. വലിയ കടലാസ് പണികളില്ല, ബാങ്കില്‍ അധികം കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍ സ്വര്‍ണ്ണപ്പണയം എടുക്കുന്ന ആവേശത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് അതിന്റെ തിരിച്ചടവ് രീതി. ഒരേ സ്വര്‍ണ്ണത്തിന്, ഒരേ പലിശ നിരക്കില്‍ ലോണ്‍ എടുക്കുന്ന രണ്ടുപേര്‍ക്ക് അവസാനം അടച്ചു തീര്‍ക്കേണ്ടി വരുന്ന തുക വലിയ വ്യത്യാസമുണ്ടാകാം. പലിശ നിരക്കിനേക്കാള്‍ ഉപരി നിങ്ങള്‍ ഏത് തിരിച്ചടവ് രീതി തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന് കാരണം.

Add Asianetnews as a Preferred SourcegooglePreferred

തിരിച്ചടവ് രീതി പ്രധാനമാകുന്നത് എന്തുകൊണ്ട്?

മറ്റ് ബാങ്ക് ലോണുകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയത്തിന് തിരിച്ചടവില്‍ വലിയ ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ പണമടയ്ക്കാന്‍ വൈകും തോറും നിങ്ങളുടെ 'പ്രിന്‍സിപ്പല്‍' തുകയില്‍ പലിശ കയറിക്കൊണ്ടിരിക്കും എന്ന കാര്യം മറക്കരുത്. പ്രധാനമായും നാല് രീതികളിലാണ് തിരിച്ചടവ് നടക്കുന്നത്:

1. പലിശ മാത്രം മാസം തോറും അടയ്ക്കുക

ലോണ്‍ എടുത്ത ശേഷം എല്ലാ മാസവും കൃത്യമായി പലിശ മാത്രം അടച്ചു പോകുന്ന രീതിയാണിത്. ലോണ്‍ കാലാവധി കഴിയുമ്പോള്‍ പ്രിന്‍സിപ്പല്‍ തുക മുഴുവനായി അടച്ച് സ്വര്‍ണ്ണം തിരിച്ചെടുക്കാം.

ഗുണം: കടം വലിയ ഭാരമായി വളരില്ല. പണം കയ്യില്‍ വരുമ്പോള്‍ മാത്രം പ്രിന്‍സിപ്പല്‍ തുക ഒന്നിച്ച് അടച്ചാല്‍ മതി.

2. 'ഒന്നിച്ച് അടയ്ക്കാം' എന്ന മോഹം വേണ്ട

ലോണ്‍ കാലാവധി തീരുന്നത് വരെ ഒന്നും അടയ്ക്കാതെ, അവസാനം പലിശയും തുകയും കൂടി ഒന്നിച്ച് അടയ്ക്കുന്ന രീതിയാണിത്.

ദോഷം: ഇത് കേള്‍ക്കുമ്പോള്‍ സൗകര്യമായി തോന്നുമെങ്കിലും ഏറ്റവും കൂടുതല്‍ പലിശ വരുന്നത് ഈ രീതിയിലാണ്. കാലാവധി തീരുന്നത് വരെ മുഴുവന്‍ തുകയ്ക്കും പലിശ കണക്കാക്കുന്നതിനാല്‍, ഒടുവില്‍ അടയ്‌ക്കേണ്ടി വരുന്ന തുക കണ്ട് നിങ്ങള്‍ ഞെട്ടിയേക്കാം.

3. പാര്‍ട്ട്- പേയ്മെന്റ് എന്ന സൂത്രവിദ്യ

നിങ്ങളുടെ പക്കല്‍ എപ്പോള്‍ അല്പം അധികം പണം വന്നാലും അത് ലോണിലേക്ക് അടയ്ക്കാന്‍ പല ബാങ്കുകളും അനുവദിക്കാറുണ്ട്.

ഗുണം: കുറച്ചു പണം ലോണിലേക്ക് അടയ്ക്കുമ്പോള്‍ പ്രസിന്‍സിപ്പല്‍ തുക കുറയുന്നു. അതോടെ അടുത്ത മാസം മുതല്‍ കുറഞ്ഞ തുകയ്ക്ക് പലിശ നല്‍കിയാല്‍ മതി. ചെറിയ തുകകള്‍ ഇങ്ങനെ അടച്ചു കൊണ്ടിരിക്കുന്നത് വലിയ ലാഭമുണ്ടാക്കും.

4. ഇ.എം.ഐ രീതി

മറ്റ് ലോണുകളെപ്പോലെ മാസം തോറും ഒരു നിശ്ചിത തുക അടയ്ക്കുന്ന രീതി. ഇതില്‍ പ്രിന്‍സിപ്പല്‍ തുകയും പലിശയും ഉള്‍പ്പെടും.

ശ്രദ്ധിക്കാന്‍: ഇത് പലിശ കുറയ്ക്കാന്‍ നല്ലതാണെങ്കിലും കൃത്യമായി വരുമാനമുള്ളവര്‍ക്ക് മാത്രമേ അനുയോജ്യമാകൂ. അടവ് മുടങ്ങിയാല്‍ പിഴ പലിശ വരാന്‍ സാധ്യതയുണ്ട്.

ഏതാണ് ഏറ്റവും ലാഭകരമായ വഴി?

വലിയ ബാധ്യതയില്ലാതെ സ്വര്‍ണ്ണം തിരിച്ചെടുക്കണമെങ്കില്‍ ഏറ്റവും നല്ല വഴി പലിശ മാസം തോറും കൃത്യമായി അടയ്ക്കുക എന്നതാണ്. ഒപ്പം എപ്പോഴൊക്കെ കയ്യില്‍ പണം വരുന്നുവോ അപ്പോഴൊക്കെ ചെറിയ തുകകള്‍ പ്രിന്‍സിപ്പല്‍ തുകയിലേക്ക് അടച്ച് ലോണ്‍ തുക കുറച്ചു കൊണ്ടുവരിക. പണം അവസാനം ഒന്നിച്ച് അടയ്ക്കാം എന്ന് കരുതി ഇരിക്കുന്നത് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. സ്വര്‍ണ്ണപ്പണയം എടുക്കുന്നതിന് മുന്‍പ് അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് കൂടി പ്ലാന്‍ ചെയ്യുന്നത് പലിശ ഭാരം കുറയ്ക്കാന്‍ സഹായിക്കും.