ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇന്ത്യ ഉടൻ ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കും. എഐ സുരക്ഷ, ഡീപ്‌ഫേക്കുകൾ തടയൽ, മനുഷ്യകേന്ദ്രീകൃത സമീപനം എന്നിവയ്ക്കാണ് ഇതിൽ പ്രധാന പരിഗണന നൽകുക. സാങ്കേതികവിദ്യയും നിയമവും സംയോജിപ്പിച്ചുള്ള ഒരു പുതിയ ചട്ടക്കൂടാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഒരു മാസത്തിനകം കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കും. എഐയുടെ സുരക്ഷിതമായ ഉപയോഗം, ഡീപ്‌ഫേക്കുകൾ, മനുഷ്യകേന്ദ്രീകൃത സമീപനം, നൈപുണ്യ വികസനം എന്നിവയ്ക്കായിരിക്കും നിർദിഷ്ട രേഖയിൽ പ്രധാന പരിഗണന നൽകുകയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. വ്യാഴാഴ്ചയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാർത്ത പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.

എഐ സുരക്ഷയ്ക്ക് മുൻഗണന; ഡീപ്‌ഫേക്കുകളും നിരീക്ഷണത്തിൽ

എഐ ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾക്കായിരിക്കും പുതിയ നിയന്ത്രണ ചട്ടക്കൂടിൽ പ്രധാന പരിഗണന നൽകുകയെന്ന് അശ്വിനി വൈഷ്‍ണവ് പറഞ്ഞു. എഐ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും വരാനിരിക്കുന്ന ചട്ടങ്ങൾക്ക് അടിത്തറയാകുക കൺസൾട്ടേഷൻ പേപ്പറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിൽ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ലക്ഷ്യമിട്ടുള്ള കൺസൾട്ടേഷൻ പേപ്പർ തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം അതിന്റെ ദുരുപയോഗം തടയുന്നതും പ്രധാനമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ ഉൾപ്പെടുന്ന ഡീപ്‌ഫേക്കുകളും സർക്കാരിന്റെ പ്രധാന ആശങ്കകളിലൊന്നാണ്. യഥാർഥവും കൃത്രിമമായി നിർമിച്ചതുമായ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നത് കൂടുതൽ പ്രയാസകരമാകുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജ വിവരങ്ങൾ സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഡീപ്‌ഫേക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ പ്രചാരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം ഉള്ളടക്കങ്ങൾ വിശ്വസിക്കുന്നതിലൂടെ ആളുകൾ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐയുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, ഉപയോക്താക്കളുടെ സുരക്ഷ എന്നിവയും കൂടിയാലോചനയുടെ പരിധിയിൽ വരും.

സാങ്കേതികവിദ്യയും നിയമവും ഒരുമിച്ച്

എഐ നിയന്ത്രണം നിയമങ്ങൾ കൊണ്ടുവരുന്നതിൽ മാത്രം ഒതുക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സാങ്കേതികവിദ്യയും നിയമപരമായ നിയന്ത്രണങ്ങളും സംയോജിപ്പിക്കുന്ന 'ടെക്നോ-ലീഗൽ' സമീപനമാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്ന് അശ്വനി വൈഷ്‍ണവ് വ്യക്തമാക്കി. സൈബർ സുരക്ഷ, ഉപയോക്താക്കൾക്കുണ്ടാകുന്ന ദോഷങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഡീപ്‌ഫേക്കുകൾ തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക വ്യവസായത്തിനും നിർണായക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിൽ വ്യവസായ മേഖലയ്ക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യകേന്ദ്രീകൃത എഐ വികസനത്തിന് ഊന്നൽ

എഐയുടെ വളർച്ചയ്ക്കൊപ്പം തൊഴിൽ മേഖലകളിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യ വികസനത്തിനും കൺസൾട്ടേഷൻ പേപ്പർ പ്രാധാന്യം നൽകും. സാങ്കേതികവിദ്യയുടെ പുരോഗതി ജനങ്ങളെ പിന്നിലാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാട്. മാറ്റങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യരാശിയെ കാണണമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളിലെ പങ്കാളികളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും രാജ്യത്തിന്റെ വിപുലമായ എഐ നിയന്ത്രണ ചട്ടക്കൂടിന് രൂപം നൽകുക. ഇതിന്റെ ആദ്യഘട്ടമായ കൺസൾട്ടേഷൻ പേപ്പർ അടുത്ത ഒരു മാസത്തിനുള്ളിൽ പുറത്തിറക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.