സാധാരണ യുപിഐ ഇടപാടുകളുടെ പരമാവധി പരിധി 1 ലക്ഷം രൂപയാണെങ്കിലും, ചില പ്രത്യേക ആവശ്യങ്ങൾക്കായി ഈ പരിധി 5 ലക്ഷം രൂപ വരെ ഉയർത്തിയിട്ടുണ്ട്. ആശുപത്രി ബില്ലുകൾ, നികുതി അടവുകൾ, ഐപിഒ സബ്സ്ക്രിപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, യുപിഐ ലൈറ്റ്, യുപിഐ 123പേ എന്നിവയുടെ പ്രത്യേക പരിധികളും നോക്കാം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി പണം ഇടപാട് നടത്തുന്ന എല്ലാവരും കരുതുന്നത് ഒരു ദിവസം പരമാവധി പരിധി 1 ലക്ഷം രൂപ വരെ ഇടപാട് നടത്താവൂ എന്നാണ്. എന്നാൽ, നിങ്ങൾ ഏത് ആവശ്യത്തിനാണ് പണം നൽകുന്നത് എന്നതിനെ ആശ്രയിച്ച് ഈ പരിധി മാറും. 100 രൂപയുടെ ചായ കുടിക്കാൻ ഉപയോഗിക്കുന്ന അതേ യുപിഐ സിസ്റ്റം ഉപയോഗിച്ച് 5 ലക്ഷം രൂപ വരെ തുക അടയ്ക്കാനും സാധിക്കും.

സാധാരണ യുപിഐ ഇടപാടുകൾക്ക് 1 ലക്ഷം

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നിയമപ്രകാരം, സാധാരണ വ്യക്തിഗത ഇടപാടുകൾക്ക് (P2P, P2M) ഒരു സമയം ട്രാൻസ്ഫർ ചെയ്യാവുന്ന പരമാവധി തുക 1 ലക്ഷം രൂപയാണ്. എന്നാൽ, ആർബിഐയും എൻപിസിഐയും ചില നിശ്ചിത ആവശ്യങ്ങൾക്കായി യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

നികുതി അടവുകൾ (Tax Payments): ആദായനികുതി ഉൾപ്പെടെയുള്ള പേയ്‌മെന്റുകൾക്ക് 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം.

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും: ആശുപത്രി ബില്ലുകൾ, കോളേജ് ഫീസുകൾ എന്നിവ അടയ്ക്കാൻ 5 ലക്ഷം രൂപ വരെ ഉപയോഗിക്കാം.

ഐപിഒകളും ബോണ്ടുകളും: ഐപിഒ (IPO) സബ്‌സ്‌ക്രിപ്‌ഷനുകൾ, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം വഴി ബോണ്ടുകൾ വാങ്ങൽ എന്നിവയ്ക്കും പരിധി 5 ലക്ഷം രൂപയാണ്.

യുപിഐ ലൈറ്റ്, യുപിഐ 123Pay എന്നിവയുടെ പരിധികൾ

യുപിഐ ലൈററ്: ചെറിയ തുകകളുടെ ഇടപാടുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന യുപിഐ ലൈറ്റിൽ ഒരു സമയം പരമാവധി 1,000 വരെ അയക്കാം. വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 5,000 ആണ്.

യുപിഐ 123 പേ: സ്മാർട്ട്‌ഫോണുകളില്ലാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായുള്ള ഈ സംവിധാനത്തിൽ ഒരു സമയം പരമാവധി 10,000 വരെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാം.