ഓരോ മാസവും അല്‍പ്പം കൂടുതല്‍ നിക്ഷേപിക്കേണ്ടി വരും, പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴും നിങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ കഴിയും

വിരമിക്കുമ്പോള്‍ 10 കോടി രൂപയുടെ ഒരു വലിയ സമ്പാദ്യം കെട്ടിപ്പടുക്കുക എന്നത് പലര്‍ക്കും ഒരു വിദൂര സ്വപ്നമായി തോന്നിയേക്കാം. എന്നാല്‍, കൂട്ടുപലിശയുടെ ശക്തിയും ചിട്ടയായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) നിക്ഷേപവും വഴി ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഈ പ്രക്രിയയില്‍, നിങ്ങള്‍ എത്ര സമ്പാദിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം എപ്പോള്‍ നിക്ഷേപം ആരംഭിക്കുന്നു എന്നതാണ്.

വിവിധ ആസ്തി വിഭാഗങ്ങളിലെ ദീര്‍ഘകാല നിക്ഷേപങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന 'ഫണ്ട്‌സ്ഇന്ത്യ വെല്‍ത്ത് കോണ്‍വര്‍സേഷന്‍സ് - ജൂണ്‍ 2025' റിപ്പോര്‍ട്ട്, 60 വയസ്സില്‍ 10 കോടി രൂപയുടെ കോര്‍പ്പസ് നേടുന്നതിന്, പ്രതിവര്‍ഷം 12% വരുമാനം പ്രതീക്ഷിച്ചാല്‍, എത്ര പ്രതിമാസ എസ്‌ഐപി ആവശ്യമാണെന്ന് വിശദീകരിക്കുന്നു. ചെറുപ്പത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ കൂട്ടുപലിശയുടെ പ്രയോജനം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

നിങ്ങള്‍ 25 വയസ്സില്‍ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍, പ്രതിമാസം 15,000 രൂപ മാത്രം മതിയാകും. എന്നാല്‍, 30 വയസിലാണെങ്കില്‍, ആവശ്യമായ പ്രതിമാസ എസ്‌ഐപി തുക ഇരട്ടിയായി 28,000 രൂപയാകും. 40 വയസ് ആകുമ്പോഴേര്രും അത് 1,00,000 രൂപയായി വര്‍ദ്ധിക്കും, അതായത് ഏകദേശം ആറിരട്ടി കൂടുതല്‍.

കൂട്ടുപലിശയുടെ ശക്തി: 1 ലക്ഷം രൂപ 93 ലക്ഷം രൂപയാകാം!

20 വയസ്സില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുകയും പ്രതിവര്‍ഷം 12% നിരക്കില്‍ വളരുകയും ചെയ്താല്‍, 60 വയസ്സാകുമ്പോള്‍ ആ തുക ഏകദേശം 93 ലക്ഷം രൂപയായി വളരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെറും 1 ലക്ഷം രൂപ 93 ഇരട്ടി വളര്‍ച്ച നേടുന്നു.

എന്നാല്‍, ഇതേ 1 ലക്ഷം രൂപ 25 വയസ്സിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത് 52 ലക്ഷം രൂപ മാത്രമായിരിക്കും. 30 വയസ്സില്‍ തുടങ്ങിയാല്‍ 29 ലക്ഷം രൂപയും 40 വയസ്സില്‍ തുടങ്ങിയാല്‍ വെറും 9 ലക്ഷം രൂപയുമായിരിക്കും ലഭിക്കുക. അതായത്, നിക്ഷേപം ആരംഭിക്കാന്‍ വൈകും തോറും ലഭിക്കുന്ന നേട്ടം കുറയും, നിക്ഷേപിക്കുന്ന തുക വര്‍ദ്ധിപ്പിച്ചാല്‍ പോലും. അതിനാല്‍, സമയമാണ് ഏറ്റവും വലിയ ഘടകം.

എന്താണ് കൂട്ടുപലിശ? പ്രാധാന്യമെന്ത്? കൂട്ടുപലിശ എന്നാല്‍ 'പലിശയുടെ മേലുള്ള പലിശ' എന്നാണ് അര്‍ത്ഥമാക്കുന്നത്. നടത്തിയ നിക്ഷേപത്തിന് മാത്രമല്ല, ആ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും അടുത്ത വര്‍ഷം മുതല്‍ പലിശ ലഭിച്ചു തുടങ്ങുന്നു. ഈ ചക്രം ഓരോ വര്‍ഷവും തുടരുന്നു. നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം, ഓരോ മാസവും കുറഞ്ഞ തുക മാത്രം നിക്ഷേപിച്ചാല്‍ മതി എന്നതാണ്. കൂടാതെ, ആവശ്യമെങ്കില്‍ എസ്‌ഐപി നിര്‍ത്താനുള്ള സ്വാതന്ത്ര്യം, വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം, ചിലപ്പോള്‍ 60 വയസ്സിന് മുമ്പ് തന്നെ ലക്ഷ്യം നേടാനുള്ള സാധ്യത എന്നിവയും ലഭിക്കുന്നു.

ഉദാഹരണത്തിന്: 25 വയസ്സില്‍ 5,000 രൂപയുടെ എസ്‌ഐപി ആരംഭിച്ച് ഓരോ വര്‍ഷവും 10% വര്‍ദ്ധിപ്പിക്കുന്ന ഒരാള്‍ക്ക് വിരമിക്കുന്നതിന് മുമ്പ് 10 കോടി രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയും.

വൈകിപ്പോയോ? വിഷമിക്കേണ്ട! നിങ്ങളുടെ പ്രായം 40-കളിലോ 50-കളിലോ ആണെങ്കില്‍, എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതരുത്.ഓരോ മാസവും അല്‍പ്പം കൂടുതല്‍ നിക്ഷേപിക്കേണ്ടി വരും, പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴും നിങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ കഴിയും. 20 വയസ്സായാലും 40 വയസ്സായാലും - നിക്ഷേപം ആരംഭിക്കാന്‍ ഏറ്റവും നല്ല സമയം 'ഇന്നലെ' ആയിരുന്നു. അടുത്ത ഏറ്റവും നല്ല സമയം 'ഇന്ന്' ആണ്.