ശമ്പളവും ശമ്പളത്തിൽ നിന്ന് കുറച്ച ടിഡിഎസും കാണിക്കുന്ന സർട്ടിഫിക്കറ്റാണ് ഫോം 16.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ഇപ്പോൾ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കാൻ ആദായനികുതി വകുപ്പ് ഡിജിറ്റൽ ഫോം 16 പുറത്തിറക്കിയിട്ടുണ്ട്.
എന്താണ് ഫോം 16?
ശമ്പളവും ശമ്പളത്തിൽ നിന്ന് കുറച്ച ടിഡിഎസും കാണിക്കുന്ന സർട്ടിഫിക്കറ്റാണ് ഫോം 16. സാധാരണയായി മെയ് അവസാനത്തോടെ (അസസ്മെൻറ് വർഷം) ഈ രേഖ ലഭിക്കാറുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ ഫോമിലെ പ്രധാന വിവരങ്ങൾ പങ്കുവെക്കണം. ഫോം അപ്ലോഡ് ചെയ്യേണ്ടത് നിർബന്ധമല്ലെങ്കിലും, നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയോ അടയ്ക്കാത്ത നികുതിക്ക് പലിശയോ ഈടാക്കാം.
ഡിജിറ്റൽ ഫോം 16 എങ്ങനെ പ്രവർത്തിക്കുന്നു?
ഡിജിറ്റൽ ഫോം 16 തൊഴിലുടമകൾക്ക് ആദയനികുതി പോർട്ടലിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. ഇത് ശമ്പളം, കിഴിവുകൾ, ടിഡിഎസ് എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉറപ്പാക്കുന്നു. നികുതി രഹിത അലവൻസുകൾ, കിഴിവുകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ കുറയ്ക്കാൻ സഹായിക്കും. നികുതിദായകർക്ക് ഈ ഡിജിറ്റൽ രേഖ മിക്ക നികുതി ഫയലിംഗ് വെബ്സൈറ്റുകളിലും അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇത് പ്രധാന വിവരങ്ങൾ സ്വയമേവ പൂരിപ്പിക്കാൻ സഹായിക്കുന്നു.എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ സമർപ്പിക്കുന്നതിന് മുമ്പ് തിരുത്താൻ സിസ്റ്റം നികുതിദായകരെ അറിയിക്കുകയും ചെയ്യും.
നേട്ടങ്ങളെന്തെല്ലാം?
ഡിജിറ്റൽ ഫോം 16 സയമം ലാഭിക്കാൻ മാത്രമല്ല, വിവരങ്ങൾ ശരിയായ ഫോർമാറ്റിൽ ആയതിനാൽ റീഫണ്ട് പ്രോസസ്സിംഗ് വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഡിജിറ്റൽ ഫോം 16-കൾ സാധാരണയായി പാസ്വേഡ് വഴി സുരക്ഷിതമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി സൂക്ഷിക്കുന്നതും കൂടിയാണ് ഡിജിറ്റൽ ഫോം 16.

