ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിനെയും 1930 എന്ന സൈബർ ക്രൈം നമ്പറിലും വിവരമറിയിക്കുക. ആർബിഐ വ്യവസ്ഥകൾ പ്രകാരം, ബാങ്കിന്റെയോ മൂന്നാം കക്ഷിയുടെയോ വീഴ്ചയാണെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കും. പരാതിപ്പെടാൻ വൈകുന്നത് പണം തിരികെ ലഭിക്കുന്നതിനെ ബാധിച്ചേക്കാം.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൈമാറുകയോ ചെയ്‌തെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നു. എന്നാല്‍ അത്തരമൊരു ഇടപാട് നടത്തിയിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുമുണ്ട്.. അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 40,000 രൂപ നഷ്ടമായതായും കാണുന്നുവെന്ന് വിചാരിക്കുക. ഇത്തരമൊരു സാഹചര്യം നേരിട്ടാല്‍ ആദ്യം ബാങ്കിനെ വിളിച്ച് പണം തിരികെ ലഭിക്കുമോ എന്ന് അന്വേഷിക്കുകയായിരിക്കും മിക്കവരും ചെയ്യുക. എന്നാല്‍, അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്ക് അത് തിരികെ നല്‍കുമോ?

ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ പണം നഷ്ടപ്പെട്ടാല്‍ ആര് നഷ്ടം സഹിക്കണമെന്നത് തട്ടിപ്പ് നടന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ചിലപ്പോള്‍ ബാങ്ക് മുഴുവന്‍ തുകയും തിരികെ നല്‍കേണ്ടി വരും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഉപഭോക്താവിനായിരിക്കും.

ആദ്യം ചെയ്യേണ്ടത്..

അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്ന് കണ്ടെത്താന്‍ കാത്തിരിക്കരുത്. എത്രയും വേഗം ബാങ്കിനെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. താന്‍ നടത്തിയതല്ലാത്ത ഇടപാടുകളാണെന്ന് വ്യക്തമാക്കി പരാതി നല്‍കണം. ശേഷം പരാതി രജിസ്റ്റർ ചെയ്ത നമ്പര്‍ ബാങ്കില്‍ നിന്ന് വാങ്ങി സൂക്ഷിക്കുക. കൂടുതല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ അക്കൗണ്ടിലൂടെയുള്ള ഇടപാടുകളോ യുപിഐ പേയ്‌മെന്റുകളോ തടയാന്‍ ആവശ്യപ്പെടാം.

നടന്ന ഇടപാടുകളുടെ തുക, തീയതി, ട്രാന്‍സാക്ഷന്‍ ഐഡി എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതും പ്രധാനമാണ്. ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളും ട്രാൻസാക്ഷൻ ഡീറ്റെയിൽസും സൂക്ഷിച്ച് വയ്ക്കണം. ഇതിനുപുറമെ, 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ് ലൈൻ നമ്പറിലും വിവരം അറിയിക്കണം. സമയബന്ധിതമായി പരാതി നല്‍കിയാല്‍ പണം തുടര്‍ന്നുള്ള അക്കൗണ്ടുകളിലേക്ക് കൈമാറുന്നത് തടയാന്‍ ചിലപ്പോള്‍ സാധിച്ചേക്കും.

ബാങ്ക് നഷ്ടം വഹിക്കുമോ?

ബാങ്കിന്റെ സുരക്ഷാ സംവിധാനത്തിലെ വീഴ്ചയെത്തുടര്‍ന്നാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതെങ്കില്‍, ആര്‍ബിഐ വ്യവസ്ഥകള്‍ പ്രകാരം ആ നഷ്ടം ഉപഭോക്താവ് വഹിക്കേണ്ടതില്ല. തട്ടിപ്പ് ഉടന്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഈ സാഹചര്യത്തില്‍ ഉപഭോക്താവിന് നഷ്ടത്തിന്റെ ഉത്തരവാദിത്തം ഉണ്ടാകില്ല.

മറ്റൊരു സാഹചര്യത്തിലും നഷ്ടപ്പെട്ട പണം മുഴുവനായി തിരികെ ലഭിക്കാന്‍ ഉപഭോക്താവിന് അര്‍ഹതയുണ്ട്. ബാങ്കിന്റെയോ ഉപഭോക്താവിന്റെയോ ഭാഗത്ത് നിന്നുള്ള വീഴ്ചയില്ലാതെ, മൂന്നാം കക്ഷിയുടെ സുരക്ഷാ ലംഘനത്തിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് കരുതുക. ബാങ്കില്‍ നിന്ന് ഇടപാട് സംബന്ധിച്ച അറിയിപ്പ് ലഭിച്ച ദിവസം മുതല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവ് പരാതി നല്‍കിയാല്‍, ഈ സാഹചര്യത്തില്‍ പണനഷ്ടത്തിന്റെ ഉത്തരവാദിത്തം ഉപഭോക്താവിന് ഉണ്ടായിരിക്കില്ല. അതായത്, നഷ്ടപ്പെട്ട തുകയുടെ കാര്യത്തില്‍ ഉപഭോക്താവിന് സീറോ ലയബിലിറ്റിയാണ്.

പരാതി ലഭിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ തര്‍ക്കത്തിലുള്ള തുക ബാങ്ക് താല്‍ക്കാലികമായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കണം. ഇതിനെ 'ഷാഡോ റിവേഴ്സല്‍' എന്നാണ് പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ബാങ്കിന് തുടരാം. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്ന ശേഷമേ താല്‍ക്കാലികമായി പണം തിരികെ നല്‍കാവൂ എന്നില്ല.

പരാതിപ്പെടാന്‍ വൈകിയാല്‍ എന്ത് സംഭവിക്കും?

നിങ്ങളുടെയോ ബാങ്കിന്റെയോ പിഴവില്ലാതെ മൂന്നാമതൊരു വഴിയിലൂടെ നടന്ന തട്ടിപ്പുകളില്‍ പരാതിപ്പെടാന്‍ വൈകുന്നത് തിരിച്ചടിയാകും.

4 മുതല്‍ 7 വരെ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കിയാല്‍: ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പരിധി അല്ലെങ്കില്‍ നഷ്ടപ്പെട്ട തുക (ഏതാണോ കുറവ്) മാത്രമായിരിക്കും നിങ്ങളുടെ നഷ്ടമായി കണക്കാക്കുക.

7 പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കുന്നതെങ്കില്‍: തുക തിരികെ ലഭിക്കുന്നത് ബാങ്കിന്റെ നയത്തെ ആശ്രയിച്ചിരിക്കും.

അതുകൊണ്ട് യാത്രയിലോ തിരക്കിലോ ആണെങ്കില്‍ പോലും അക്കൗണ്ടിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബാങ്കിനെ അറിയിക്കുക.