പ്രമുഖ ഐ ടി കമ്പനിയില്‍ പണിയെടുക്കുന്ന നിബിന്റെ ഭാര്യ ഡെയ്‌സി സ്‌കൂള്‍ അധ്യാപികയാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും ബാങ്ക് വായ്പയൊക്കെയായി ഭേദപ്പെട്ട ഒരു ഫ്‌ളാറ്റും കാറും സ്വന്തമാക്കിയിട്ടുണ്ട്. നിബിന് ഓഫീസില്‍ വച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയില്‍ എത്തിച്ചെന്ന് കൂട്ടുകാര്‍ ആണ് ഡെയ്‌സിയെ ഫോണ്‍ ചെയ്ത് അറിയിച്ചത്.

പരിഭ്രമിച്ച് ആശുപത്രിയില്‍ എത്തിയ ഡെയ്‌സിയോട് ഭര്‍ത്താവ് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും അടിയന്തര ചികിത്സ വേണ്ടി വരുമെന്നും അറിയിച്ചു. ഏത് കമ്പനിയുടേതാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ഉള്ളതെന്ന് ആശുപത്രിക്കാര്‍ ചോദിച്ചു. ഇന്‍ഷുറന്‍സ് ഉണ്ടെന്നല്ലാതെ ഏത് കമ്പനിയുടേതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പരിശോധനകള്‍ക്കും മറ്റുമായി ഒരു ലക്ഷം രൂപ പണമടയ്ക്കാന്‍ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകളില്‍ പണം ഉണ്ടോ, എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും എവിടെയാണെന്നോ പിന്‍നമ്പര്‍ എന്താണെന്നോ ഒക്കെ ഇനിയും ബോധം തെളിഞ്ഞിട്ടില്ലാത്ത നിബിന് മാത്രമേ അറിയൂ. കൂട്ടുകാര്‍ ആരൊക്കെയോ ചേര്‍ന്ന് പണം അടയ്ക്കുകയായിരുന്നു. 

നിബിന്റെയും ഡെയ്‌സിയുടേയും പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ല. വിദ്യാഭ്യാസവും ജോലിയുമുള്ള ഭാര്യമാരാണെങ്കില്‍ പോലും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് കൈയടക്കിയിരിക്കുന്നത്. ചിലരെങ്കിലും അന്വേഷിച്ചാലും  ഇതൊന്നും നിനക്ക് മനസ്സിലാകില്ല എന്ന് ഒഴിവുകഴിവ് പറയുകയാണ് പല ഭര്‍ത്താക്കന്മാരും  ചെയ്യുന്നത്. 

ഭാര്യയും ഭര്‍ത്താവും ഒരേ പോലെ ചിന്തിക്കണോ എന്ന ചോദ്യത്തിന് നിര്‍ബന്ധമില്ല എന്ന് തന്നെയാണ് ഉത്തരം. രണ്ടാളും അറുപിശുക്കന്‍മാരായാല്‍ കൂട്ടുകാരും ബന്ധുക്കാരും കുഴഞ്ഞത് തന്നെ. കുടുംബത്തിന്റെ സാമ്പത്തിക ചിത്രം രണ്ട് പേരും കൂടി മനസ്സിലാക്കി മുന്നോട്ട് പോകുന്നതിന് ഒന്നിച്ച് ഇരുന്ന് ഒരു കുടുംബ ബജറ്റ് തയ്യാറാക്കുകയാണ് ആദ്യത്തെ വഴി. ഭാര്യയ്ക്കും ഭര്‍ത്താവിനും വരുമാനമുള്ളപ്പോള്‍ പണം എന്തൊക്കെ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്ന് ഒരു ബജറ്റ് ഉണ്ടെങ്കില്‍ രണ്ട് പേര്‍ക്കും അറിയാന്‍ പറ്റും. ഒരാള്‍ക്ക് മാത്രമേ വരുമാനമുള്ളൂവെങ്കില്‍ കൂടി കൂട്ടായി ബജറ്റ് ഉണ്ടാക്കിയാല്‍ കുടുംബ കലഹങ്ങള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടിയാകില്ലല്ലോ. 

ജോയിന്‍റ് അക്കൗണ്ട് ഏറ്റവും മികച്ച ഓപ്ഷന്‍
 
പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ഓരോരുത്തരുടേയും വരുമാനം അവരവരുടെ പേരില്‍ തന്നെയുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് വാങ്ങുന്നതാണ് നല്ലത്. വീട്ടു ചെലവുകള്‍ക്കായി രണ്ട് പേരുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് തുറന്ന് അതിലേക്ക് ആവശ്യത്തിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. പിന്നീട് കണക്ക് പറയേണ്ടി വന്നാല്‍ വീട് പണിക്കും വീട്ടുചെലവിനും ആരുടെ പണമാണ് കൂടുതല്‍ ഉപയോഗിച്ചതെന്ന് രേഖകള്‍ സത്യം പറയും. ഓരോരുത്തരും സ്വന്തം പേരിലാണ്  അക്കൗണ്ടുകളും നിക്ഷേപങ്ങളുമെങ്കില്‍ മറ്റെ ആളെ നോമിനിയായി വയ്ക്കാന്‍ മറക്കേണ്ട.

ആരോഗ്യ പോളിസികള്‍, അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവ പണം മുടക്കി വാങ്ങി വച്ചാല്‍ മാത്രം പോരാ. രോഗമോ അപകടമോ വരുമ്പോള്‍ പോളിസിയുടെ വിവരങ്ങള്‍ ഉപയോഗിച്ച് ക്ലെയിം നല്‍കണമെങ്കില്‍ ആരും അറിയാതെ പോളിസികള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ആളുകള്‍ മരണമടഞ്ഞിട്ടും ക്ലെയിം ചെയ്‌തെടുക്കാത്ത കോടിക്കണക്കിന് രൂപ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടികിടക്കുന്നുണ്ടെന്നാണ് കണക്ക്. മരണമെത്തുന്നത് മുന്‍കൂര്‍ മണിമുഴക്കിയ ശേഷമല്ലാത്തിനാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുക വാങ്ങിയെടുക്കാന്‍ പോളിസികളുടെ വിവരങ്ങള്‍ വേണമല്ലോ?, മരിച്ച ആളിന് മാത്രം അറിയാവുന്ന വിവരങ്ങള്‍ അവരോടൊപ്പം തന്നെ മണ്ണടിയുകയും ചെയ്യും. 

ഭൂമിയുടേയും ഫ്‌ളാറ്റിന്റെയും മറ്റും പ്രമാണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടേയും രസീതുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക രേഖകള്‍ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് രണ്ട് പേരും അറിയണം. വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പോലും അവര്‍ നല്‍കിയിട്ടുള്ള ഒറിജിനല്‍ രസീത് പ്രധാനപ്പെട്ട രേഖയാണ്.

ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും മറ്റെ ആള്‍ക്കും ഇവരെ രണ്ട് പേരെയും ആശ്രയിച്ച് ജീവിക്കുന്ന കുട്ടികള്‍, മാതാപിതാക്കന്മാര്‍ എന്നിവര്‍ക്കൊക്കെ തുടര്‍ന്ന് ജീവിക്കേണ്ടേ?,  കുടുംബത്തിന്റെ  സാമ്പത്തിക ചുറ്റുവട്ടങ്ങളെക്കുറിച്ച് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

#6 ലോണില്‍ തവണ മുടങ്ങിയോ?, അറിയാം നിങ്ങളുടെ അവകാശങ്ങളെപ്പറ്റി; റിക്കവറി ഏജന്‍റുമാരെ എങ്ങനെ കൈകാര്യം ചെയ്യാം

#7 നിങ്ങളുടെ കാറും കടയും കത്തിപ്പോയാല്‍ !, സഹായത്തിനായി വേണ്ടത് സ്പെഷ്യല്‍ പാക്കേജ്; നടപടിക്രമങ്ങള്‍ അടുത്തറിയാം