ഉയർന്ന ശമ്പളം ലഭിച്ചിട്ടും മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥ പലരും നേരിടുന്നുണ്ട്. വരുമാനം കൂടുമ്പോൾ ആഡംബരങ്ങൾ കൂടുന്നതും, സ്ഥിരമായ വലിയ ചെലവുകളും, ചിട്ടയായ സമ്പാദ്യശീലത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കും.
കയ്യില്‍ നല്ല ശമ്പളം വരുന്നുണ്ട്, പക്ഷെ മാസാവസാനം നോക്കുമ്പോള്‍ സമ്പാദ്യമായി ഒന്നുമില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പല പ്രൊഫഷണലുകളും ഇന്ന് നേരിടുന്ന പ്രധാന തലവേദനയാണിത്. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമ്പാദ്യവും വര്‍ദ്ധിക്കുമെന്ന് നാം കരുതും, എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. എന്തുകൊണ്ടാണ് കയ്യില്‍ പണം നില്‍ക്കാത്തത്? കാരണങ്ങള്‍ ഇവയാകാം:
വരുമാനം കൂടുമ്പോള്‍ കൂടുന്ന 'ആഡംബരം'
ശമ്പളം കൂടുമ്പോള്‍ അതിനനുസരിച്ച് നമ്മുടെ ജീവിതരീതിയും മാറുന്നതിനെ 'ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്‌ലേഷന്‍' എന്ന് വിളിക്കുന്നു. വരുമാനം കൂടുമ്പോള്‍ കൂടുതല്‍ വാടകയുള്ള ഫ്‌ലാറ്റിലേക്ക് മാറാനോ, വിലകൂടിയ കാര്‍ വാങ്ങാനോ, പുത്തന്‍ ഗാഡ്ജെറ്റുകള്‍ സ്വന്തമാക്കാനോ നാം താല്പര്യപ്പെടുന്നു. ഈ മാറ്റങ്ങള്‍ വളരെ പതുക്കെ സംഭവിക്കുന്നതിനാല്‍, നമ്മുടെ വരുമാനം മുഴുവന്‍ ഇത്തരം സൗകര്യങ്ങള്‍ക്കായി ചെലവാകുന്നത് നാം തിരിച്ചറിയാറില്ല.
സ്ഥിരമായ വലിയ ചെലവുകള്‍
നമ്മുടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചെലവുകളിലേക്കാണ് പോകുന്നത്. വീട്ടുവാടകയോ വീടിന്റെ ലോണ്‍ തിരിച്ചടവോ, കാര്‍ ലോണ്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, കറന്റ് ബില്ലുകള്‍ തുടങ്ങിയവ ഇതില്‍പ്പെടും. വരുമാനം കൂടുന്ന മുറയ്ക്ക് ഇത്തരം ബാധ്യതകളും വര്‍ദ്ധിക്കുന്നത് സമ്പാദ്യത്തിനുള്ള വഴി അടയ്ക്കുന്നു.
കണ്ണില്‍പ്പെടാത്ത 'ചില്ലറ' ചെലവുകള്‍
വലിയ സാധനങ്ങള്‍ വാങ്ങുന്നത് മാത്രമല്ല പണം ചോരാന്‍ കാരണം. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണം, അനാവശ്യമായ ഓണ്‍ലൈന്‍ ഷോപ്പിംഗ്, ടാക്‌സി സര്‍വീസുകള്‍, വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവ വഴി വലിയൊരു തുക നഷ്ടപ്പെടുന്നുണ്ട്. ഓരോ തവണയും ചെറിയ തുകയായതിനാല്‍ നാം ഇത് ഗൗരവമായി എടുക്കില്ല, എന്നാല്‍ മാസാവസാനം കണക്ക് കൂട്ടുമ്പോള്‍ ഇത് വലിയൊരു സംഖ്യയായി മാറിയിട്ടുണ്ടാകും.
ചിട്ടയായ സമ്പാദ്യശീലത്തിന്റെ കുറവ്
ചെലവുകളെല്ലാം കഴിഞ്ഞ് ബാക്കി തുക സമ്പാദിക്കാം എന്ന് കരുതുന്നതാണ് പലരുടെയും പരാജയം. ശമ്പളം കിട്ടുമ്പോള്‍ തന്നെ ഒരു നിശ്ചിത തുക സമ്പാദ്യത്തിലേക്കോ നിക്ഷേപത്തിലേക്കോ മാറ്റിവെക്കുന്ന ശീലം പലര്‍ക്കുമില്ല. കൈവശം പണം ഉള്ളപ്പോള്‍ സ്വാഭാവികമായും അത് ചെലവഴിക്കാനുള്ള പ്രവണത കൂടുന്നു.
അപ്രതീക്ഷിത ചെലവുകള്‍
മാസചെലവുകള്‍ക്ക് പുറമെ ഇടയ്ക്കിടെ വരുന്ന ഇന്‍ഷുറന്‍സ് പുതുക്കല്‍, യാത്രകള്‍, ആഘോഷങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ചികിത്സാ ചെലവുകള്‍ എന്നിവ ബജറ്റിനെ താളംതെറ്റിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി പണം മാറ്റിവെക്കാത്ത പക്ഷം അത് നമ്മുടെ സമ്പാദ്യത്തെ ബാധിക്കും.
എങ്ങനെ മറികടക്കാം?
ഉയര്‍ന്ന ശമ്പളം കിട്ടുന്നത് കൊണ്ട് മാത്രം ആരും സമ്പന്നരാകണമെന്നില്ല. സമ്പാദ്യവും നിക്ഷേപവും ജീവിതചര്യയുടെ ഭാഗമാക്കിയാല്‍ മാത്രമേ സാമ്പത്തിക സുരക്ഷിതത്വം നേടാനാകൂ. പ്രത്യേകിച്ച് അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും മറ്റും സാമ്പത്തിക അടിത്തറ ഇളക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം അനിവാര്യമാണ്.
ശ്രദ്ധിക്കുക: നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അംഗീകൃത സാമ്പത്തിക ഉപദേശകരുമായി സംസാരിക്കുക.

