മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉയര്‍ന്ന ഇളവ് പരിധിയും, ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവുകള്‍ക്ക് ഉയര്‍ന്ന കിഴിവും ലഭിക്കും.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം അടുക്കുകയാണ്. നികുതിദായകര്‍ അവരുടെ രേഖകളെല്ലാം ശരിയാക്കുന്ന തിരക്കിലായിരിക്കും പ്രായം ഉള്‍പ്പെടെ പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ വിഭാഗം നികുതിദായകര്‍ക്ക് നിരവധി ഇളവുകളും കിഴിവുകളും ആദായനികുതി വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന്, മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉയര്‍ന്ന ഇളവ് പരിധിയും, ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവുകള്‍ക്ക് ഉയര്‍ന്ന കിഴിവും ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:

ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഇളവ് (വകുപ്പ് 194P): 75 വയസ്സിന് മുകളിലുള്ള ചില മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് വ്യവസ്ഥകളോടെ ഇളവ് ലഭിക്കും.

ഉയര്‍ന്ന നികുതി ഇളവ് പരിധി (പഴയ നികുതി വ്യവസ്ഥയില്‍): പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നികുതി ഇളവ് പരിധി ലഭിക്കും. 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 3 ലക്ഷം രൂപ വരെയും, 80 വയസ്സിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 5 ലക്ഷം രൂപ വരെയും നികുതിയില്ല. സാധാരണക്കാര്‍ക്ക് ഇത് 2.5 ലക്ഷം രൂപയാണ്.

അഡ്വാന്‍സ് ടാക്‌സില്‍ നിന്ന് ഒഴിവാക്കല്‍: ബിസിനസ് വരുമാനമോ പ്രൊഫഷണല്‍ വരുമാനമോ ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍കൂട്ടി നികുതി അടയ്ക്കേണ്ട ആവശ്യമില്ല.

മെഡിക്കല്‍ പോളിസി അല്ലെങ്കില്‍ ചികിത്സാ ചെലവുകള്‍ക്ക് കിഴിവ് (വകുപ്പ് 80D): മെഡിക്കല്‍ പോളിസി എടുക്കുന്നതിനോ ചികിത്സാ ആവശ്യങ്ങള്‍ക്കോ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെ കിഴിവ് ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പ്രധാന ആദായ നികുതി ആനുകൂല്യങ്ങള്‍:

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് കിഴിവ്: സാധാരണ പൗരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പരമാവധി 25,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെ കിഴിവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ചികിത്സാ ചെലവുകള്‍: ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 80DDB വകുപ്പ് പ്രകാരം 1 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇത് 40,000 രൂപയാണ്.

സേവിംഗ്‌സ്, ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ നിന്നുള്ള പലിശ വരുമാനം: ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും 50,000 രൂപ വരെ കിഴിവ് ലഭിക്കും.

ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഇളവ്: സാധാരണ നികുതിദായകര്‍ക്ക് 2.5 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ് പരിധി എങ്കില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് കൂടുതലാണ്. 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് 3 ലക്ഷം രൂപ വരെയും, 80 വയസ്സിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 5 ലക്ഷം രൂപ വരെയും വാര്‍ഷിക വരുമാനത്തിന് ആദായ നികുതി അടയ്ക്കേണ്ടതില്ല. കൂടാതെ, 2021-ല്‍ അവതരിപ്പിച്ച ആദായനികുതി നിയമത്തിലെ 194P വകുപ്പ് പ്രകാരം, 75 വയസ്സിന് മുകളിലുള്ള ചില നികുതിദായകര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് വ്യവസ്ഥകളോടെ ഇളവ് ലഭിക്കും.