ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ വഴി വ്യക്തിഗത വായ്പയെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട അഞ്ച് ഘടകങ്ങള്‍ ഇതാ

വ്യക്തിഗത വായ്പകള്‍ക്കായി ഇന്ന് നിരവധി മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. ബാങ്കുകളില്‍ നിന്ന് വായ്പ നേടുന്നതിനോ, പ്രീ-അപ്രൂവല്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനോ പുറമെ, ഫിന്‍ടെക് പ്ലാറ്റ്ഫോമുകളെ സമീപിക്കുന്നതും സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഫിന്‍ടെക് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ വഴി വ്യക്തിഗത വായ്പയെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട അഞ്ച് ഘടകങ്ങള്‍ താഴെ നല്‍കുന്നു:

1. വിശ്വസനീയമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക വായ്പ എടുക്കുന്നതിനായി ഒരു ഫിന്‍ടെക് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുമ്പോള്‍, വിശ്വസനീയവും അറിയപ്പെടുന്നതുമായ പ്ലാറ്റ്ഫോമുകള്‍ക്ക് മുന്‍ഗണന നല്‍കുക. കുറഞ്ഞ ഡൗണ്‍ലോഡുകളുള്ളതോ അധികം പ്രചാരത്തിലില്ലാത്തതോ ആയ പ്ലാറ്റ്ഫോമുകളെ പരമാവധി ഒഴിവാക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.

2. ആദ്യ പരിഗണന ബാങ്കുകള്‍ ആയിരിക്കണം ഒരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആദ്യ പരിഗണന എപ്പോഴും ബാങ്കുകള്‍ ആയിരിക്കണം. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുക. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതവും നിയന്ത്രിതവുമാണ്.

3. പലിശ നിരക്ക്: പ്രതിമാസമോ വാര്‍ഷികമോ എന്ന് ശ്രദ്ധിക്കുക ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ പലപ്പോഴും അവരുടെ പലിശ നിരക്ക് പ്രതിമാസ അടിസ്ഥാനത്തിലാണ് അവതരിപ്പിക്കാറുള്ളത്. ഉദാഹരണത്തിന്, 'പ്രതിമാസം 1.5% മാത്രം' എന്ന് പറയുമ്പോള്‍ അത് ഒരു വര്‍ഷം 18% ആയിരിക്കും. അതിനാല്‍, പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കില്‍ മാത്രം ഭ്രമിച്ച് വായ്പ എടുക്കരുത്. വാര്‍ഷിക പലിശ നിരക്ക് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുക.

4. ഓണ്‍ലൈന്‍ റിവ്യൂകള്‍ പരിശോധിക്കുക വായ്പ സേവന ദാതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഓണ്‍ലൈന്‍ റിവ്യൂകള്‍ പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ഒരു പ്ലാറ്റ്ഫോമിന് ഉപയോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്ല അനുഭവം പ്രതീക്ഷിക്കാം. മറിച്ചാണെങ്കില്‍, അത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം.

5. ആര്‍ബിഐ അംഗീകാരം ബാങ്കുകളും എന്‍ബിഎഫ്‌സികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയാണ് സാധാരണയായി ആര്‍ബിഐ നിയന്ത്രിക്കുന്നത്. എന്നാല്‍, വായ്പ സേവന ദാതാക്കള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ ലെന്‍ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകാരം വായ്പ തുക, വാര്‍ഷിക പലിശ നിരക്ക് ,, വായ്പ കാലാവധി, പ്രതിമാസ തിരിച്ചടവ് ബാധ്യതകള്‍, പിഴകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തമായ വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോമുകള്‍ പ്രദര്‍ശിപ്പിക്കണം.