കുറഞ്ഞ ക്രെഡിറ്റ് സ്കോർ, ഉയർന്ന കടബാധ്യത, വരുമാനക്കുറവ് തുടങ്ങിയ കാരണങ്ങളാൽ വ്യക്തിഗത വായ്പാ അപേക്ഷകൾ നിരസിക്കപ്പെടാം. അപേക്ഷ തള്ളിയാൽ കാരണം മനസിലാക്കി, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ ശേഷം വീണ്ടും അപേക്ഷിക്കുന്നതാണ് ഉചിതം.

വീട്ടിലിരുന്ന് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതുപോലെ വളരെ എളുപ്പത്തിൽ ഇന്ന് വ്യക്തിഗത വായ്പ (Personal Loan) എടുക്കാൻ സാധിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പെട്ടെന്നുള്ള വള‍‍ർച്ചയോടെ പേപ്പർവർക്ക് ഇല്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ അപ്രൂവൽ ലഭിക്കുന്നത് വരെ എളുപ്പമാക്കി. പലപ്പോഴും 48 മണിക്കൂറിനുള്ളിൽ തന്നെ വായ്പാ തുക അക്കൗണ്ടിൽ എത്തുകയും ചെയ്യാറുണ്ട്. എന്നാൽ, അപ്ലൈ ചെയ്യുന്ന എല്ലാവ‍‍‌ർക്കും ലോൺ പാസാകണമെന്ന് നി‍‍‌‌‌ർബന്ധമൊന്നുമില്ല. ചില സാഹചര്യങ്ങളിൽ വായ്പ നിരസിക്കപ്പെടാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ എന്തുകൊണ്ടാണ് അപേക്ഷ തള്ളിയതെന്ന് മനസിലാക്കി അതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ഇനി, എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സാധാരണ​ഗതിയിൽ ലോൺ അപേക്ഷ തള്ളിപ്പോകാറുള്ളതെന്ന് നോക്കാം. കുറഞ്ഞ ക്രെഡിറ്റ് സ്കോ‍‌ർ തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സാധാരണയായി 700 ൽ താഴെയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോ‍‍‌ർ എങ്കിൽ ബാങ്കുകൾ നിങ്ങളുടെ അപേക്ഷ നന്നായി പരിശോധിച്ചേ എടുക്കൂ. നിലവിൽ നിരവധി വായ്പകൾ കൈകാര്യം ചെയ്യുന്നവർക്കും പുതിയ വായ്പ അനുവദിക്കാൻ ബാങ്കുകൾ മടിക്കും. വരുമാനത്തോട് താരതമ്യം ചെയ്യുമ്പോൾ കടം കൂടുതലാണെന്ന് തോന്നിയാൽ തിരിച്ചടവ് ബുദ്ധിമുട്ടാകും എന്ന് വിലയിരുത്തലിൽ നിങ്ങളുടെ അപേക്ഷ തള്ളിയേക്കാം. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ വരുമാനം ഇല്ലെങ്കിൽ അപേക്ഷ തള്ളാൻ സാധ്യത കൂടും. വായ്പയെടുക്കുന്നയാൾ ഇടയ്ക്കിടെ ജോലി മാറുന്നത് സാമ്പത്തിക സ്ഥിരതയില്ലായ്മയായാണ് ബാങ്കുകൾ കണക്കാക്കുക എന്നതും ശ്രദ്ധിക്കുക. നിങ്ങൾ അയക്കുന്ന അപേക്ഷയിലെയോ ഡോക്യുമെന്റുകളിലെയോ ചെറിയ പിശകുകൾ പോലും അപേക്ഷ തള്ളാൻ കാരണമാകും.

അപേക്ഷിക്കും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

ആദ്യം ബാങ്കുമായി ബന്ധപ്പെടാം. എന്തുകൊണ്ട് അപേക്ഷ സ്വീകരിച്ചില്ലെന്ന് ചോദിച്ചറിയാൻ ശ്രമിക്കാം. ക്രെഡിറ്റ് റിപ്പോ‍‌‍‌ർട്ട് പരിശോധിച്ച് അനാവശ്യ ഡിഫോൾട്ടുകൾ ഉണ്ടോ എന്ന് ഉറപ്പാക്കുക. സമയ ബന്ധിതമായി ഇഎംഐകൾ അടക്കുകയും കടബാധ്യത കുറയ്ക്കുകയും ചെയ്യുക. അപേക്ഷാ സമയത്ത് ശമ്പളം, ജോലി വിവരങ്ങൾ, കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ ശരിയാണെന്ന് ഉറപ്പാക്കുക.വരുമാനത്തിന് അനുയോജ്യമായ തുകയും തിരിച്ചടവ് കാലാവധിയും തിരഞ്ഞെടുക്കുക.

അപേക്ഷ തള്ളിയാൽ?

ഇനി, ബാങ്ക് നിങ്ങളുടെ അപേക്ഷ തള്ളിയെന്ന് കരുതുക. അപ്പോൾ എന്ത് ചെയ്യണമെന്ന് നോക്കാം. വായ്പക്കായി വീണ്ടും അപേക്ഷിക്കുന്നതിന് കുറച്ച് മാസങ്ങൾ കാത്തിരിക്കുന്നത് നല്ലതാണ്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ക്രെഡിറ്റ് സ്കോർ ഉയർത്താനും ശ്രമിക്കുക. അടുത്ത അപേക്ഷയിൽ എല്ലാ വിവരങ്ങളും കൃത്യമായി നൽകുന്നത് വിശ്വാസ്യത വർധിപ്പിക്കും.