എണ്ണ വിലയിലെ തുടർച്ചയായ വർദ്ധനവ് ഇന്ത്യയുടെ വ്യാപാര കമ്മി വർദ്ധിപ്പിക്കുക മാത്രമല്ല, രൂപയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പ സാധ്യതയെ കൂട്ടുകയും ചെയ്യുന്നു.

മുംബൈ: ഇറാനിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ മിന്നൽ പ്രവർത്തനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി വിപണിയിൽ ഡോളർ വിറ്റഴിച്ചാണ് ആർബിഐ രൂപയുടെ മൂല്യത്തകർച്ച് നിയന്ത്രിച്ചത്. ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 86.20 ആയി കുറഞ്ഞിരുന്നു. ഇതോടെ വലിയ തകർച്ച് മുന്നിൽ കണ്ട ആർബിഐ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം 86.04 ആയി ഉയർന്നു. വിപണി സ്ഥിരത കൈവരിക്കുന്നതിനായി ആർ‌ബി‌ഐ 86.05 മാർക്കിനടുത്ത് ഡോളർ വിറ്റതായാണ് റിപ്പോർട്ട്.

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണവില ബാരലിന് 12% ഉയർന്ന് 78 ഡോളറിലെത്തിയത് രൂപയുടെ മേൽ സമ്മർദ്ദം വരാൻ കാരണമായി. ഇറാനിൽ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുന്നതിനായി ഇസ്രായേൽ നടത്തിയ ഒരു മുൻകരുതൽ ആക്രമണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റിൽ നീണ്ടുനിൽക്കുന്ന സംഘർഷത്തിനൊപ്പം നിർണായകമായ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ആഗോള എണ്ണ വിതരണ പാതകളിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയർന്നതും വിപണിക്ക് തിരിച്ചടിയായിരുന്നു.

കാരണം ഈ മേഖലയിലെ ഏതൊരു വർധനവും ക്രൂഡ് ഓയിൽ വില ഉയരാൻ ഇടയാക്കും, ഇത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകും. കാരണം അവർ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങളുടെ 85% ത്തിലധികവും ഇറക്കുമതിയെ ആശ്രയിക്കുന്നു. അതുകൊണ്ട്തന്നെ എണ്ണ വിലയിലെ തുടർച്ചയായ വർദ്ധനവ് ഇന്ത്യയുടെ വ്യാപാര കമ്മി വർദ്ധിപ്പിക്കുക മാത്രമല്ല, രൂപയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പ സാധ്യതയെ കൂട്ടുകയും ചെയ്യുന്നു.

ഈ കാരണങ്ങൾകൊണ്ടാണ് ഇസ്രയേലിൻ്റെ ആക്രമണം ഉണ്ടായപ്പോൾതന്നെ ആർബിഐ കറൻസി വിപണിയിലേക്കിറങ്ങിയത്. മുൻകാലങ്ങളിലും ആർബിഐ സ്ഥിരമായി ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയ്ട്ടുണ്ട്.