സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളവർ വളരെയധികം കേൾക്കുന്ന ഒരു വാക്കാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു രീതിയാണിത്.

സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളവർ വളരെയധികം കേൾക്കുന്ന ഒരു വാക്കാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു രീതിയാണിത്. നിശ്ചിത കാലത്തേക്ക്, നിശ്ചിത ഇടവേളകളിൽ, ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കുന്ന രീതിയാണ് എസ് ഐ പി പിന്തുടരുന്നത്. സാധാരണയായി ഓരോ മാസ കാലയളവിലോ, മൂന്ന് മാസം കൂടുമ്പോഴോ ഒക്കെ എസ് ഐ പികളിൽ നിക്ഷേപം നടത്തി വരാറുണ്ട്.

സാധാരണ ഗതിയിൽ എഫ്ഡിയിലോ മറ്റ് സ്കീമുകളിലോ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്ന് വ്യത്യസ്തമായൊരു രീതിയാണിത്. വിപണികളിൽ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നവർ ആദ്യ പടിയെന്നോണം എസ്ഐപികളിലെ നിക്ഷേപമാണ് തെരഞ്ഞെടുക്കാറ്. താരതമ്യേന മറ്റ് മാർക്കറ്റ് നിക്ഷേപങ്ങളേക്കാൾ റിസ്ക് കുറവാണെങ്കിലും റിസ്ക് തീരെയില്ല എന്ന് പറയാനുമാകില്ല താനും. അതു കൊണ്ട് തന്നെ വിപണിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപകന് കിട്ടുന്ന റിട്ടേണ്‍ തുകയും മാറിയേക്കാം. റിട്ടേണിന് പ്രത്യേക ഗ്യാരണ്ടിയൊന്നുമില്ലെന്ന് സാരം. 

അതേ സമയം, പൊതുവിൽ സ്റ്റോക്ക് മാർക്കറ്റ് റിട്ടേണുകളേക്കാൾ സേഫ് ആണ് എസ് ഐ പികൾ എന്ന് പറയാം. എന്നാലും ഒരു വർഷം ഏതാണ്ട് എസ്ഐപിയിൽ നിക്ഷേപം നടത്തുന്നവർക്ക് 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇനി, എസ്ഐപികളിൽ നിക്ഷേപം നടത്തുന്നതു കൊണ്ടുള്ള ചില നേട്ടങ്ങൾ നോക്കാം.

ഒറ്റത്തവണ ഒരു വലിയ നിക്ഷേപം നടത്തുന്നതിനു പകരം കൃത്യമായ ഇടവേളകളിൽ ഒരു ചെറിയ തുക നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ ഏറ്റവും വലിയ ഗുണം. മാസംതോറും കുറഞ്ഞത് നൂറ് രൂപ വീതം നിക്ഷേപിക്കാന്‍ കഴിയുന്ന പ്ലാനുകള്‍ വരെ ഇന്നുണ്ട്. ഇത് കൂടാതെ നിക്ഷേപങ്ങൾ നടത്താനുള്ള ഇടവേളകളും ഫ്ലക്സിബിളായി നമുക്ക് തീരുമാനിക്കാം. അഞ്ഞൂറോ, ആയിരമോ എത്രയാണോ നിങ്ങൾക്ക് മാറ്റി വക്കാൻ കഴിയുന്നത് അതനുസരിച്ചുള്ള ഒരു തുക തെരഞ്ഞെടുക്കാവുന്നതാണ്.

പതിവായി നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ, വില കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകളും ഉയർന്നിരിക്കുമ്പോൾ കുറച്ച് യൂണിറ്റുകളും വാങ്ങുക എന്നത് നിക്ഷേപകന്റെ ശീലമാകും. ഇത് പതിയെപ്പതിയെ, നിക്ഷേപങ്ങളുടെ ആകെ മൊത്തം ചെലവ് കുറക്കാനും സാധ്യതയുണ്ട്. എസ്ഐപി നിക്ഷേപങ്ങളിൽ ഓരോ തവണ നിങ്ങൾ നിക്ഷേപം നടത്തുന്ന പണവും ചേർത്താണ് സമ്പാദ്യം വളരുന്നത്. അതായത് നിങ്ങൾ പണം പിൻവലിക്കാത്തിടത്തോളം കാലം നിങ്ങളുടെ സമ്പാദ്യവും അതിവേഗം വർധിക്കുമെന്നർത്ഥം.

എസ്ഐപികളിൽ കൃത്യമായി നിക്ഷേപം നടത്തുക എന്നത് ഒരു സാമ്പത്തിക അച്ചടക്കത്തിന്റെ കൂടെ ഭാഗമാണ്. ദീർഘ കാലത്തേക്ക് കൃത്യമായി നിക്ഷേപം നടത്തുന്നത് നിങ്ങളുടെ സമ്പാദ്യം വർപ്പിക്കുമെന്നതിനൊപ്പം നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളിലും മാറ്റങ്ങൾ കൊണ്ടു വരാൻ സഹായിക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും എസ് ഐ പികൾക്കും അതത് റിസ്കുകളുണ്ടെന്ന് മറക്കേണ്ട. തെരഞ്ഞെടുക്കുന്ന പ്ലാനുകൾ മുതൽ, നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യം വരെ എസ് ഐ പികളുമായി ഒത്തു നോക്കണം. സാമ്പത്തിക കാര്യങ്ങളായതു കൊണ്ടു തന്നെ ഇതിന് വിദഗ്ദാഭിപ്രായങ്ങളും പരിഗണിക്കാം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം...