തട്ടിപ്പുകാരന്‍ ഒരു ബാങ്കിലെ അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിക്കും

'വാട്‌സാപ് സ്‌ക്രീന്‍ മിററിങ് ഫ്രോഡ്' എന്നറിയപ്പെടുന്ന തട്ടിപ്പിലൂടെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കുകയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ എളുപ്പമാണെങ്കിലും, ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് പ്രധാന പ്രശ്‌നം.

എന്താണ് വാട്‌സാപ് സ്‌ക്രീന്‍ മിററിങ് ഫ്രോഡ്?

തട്ടിപ്പുകാര്‍ വാട്‌സാപ്പിലൂടെ സ്‌ക്രീന്‍ ഷെയറിങ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് വിവരങ്ങള്‍, പാസ്വേഡുകള്‍, ഒടിപി, സ്വകാര്യ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പ്.

തട്ടിപ്പ് നടത്തുന്നത് എങ്ങനെ?

തട്ടിപ്പുകാരന്‍ ഒരു ബാങ്കിലെ അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിക്കും. അക്കൗണ്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനുംശ്രമിക്കും. അവിടെനിന്നാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ഫോണിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനുള്ള വഴി അവര്‍ പറഞ്ഞുതരുന്നു. അതിനുശേഷം സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് വാട്‌സാപ് വിഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടും, സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ തട്ടിപ്പുകാര്‍ക്ക് തത്സമയം കാണാന്‍ സാധിക്കും. ബാങ്കില്‍നിന്ന് വിളിക്കുന്നതായി നടിച്ച് എന്തെങ്കിലും പണമിടപാടുകള്‍ നടത്താന്‍ ആവശ്യപ്പെടും. ഒടിപി നമ്പര്‍ ലഭിക്കുമ്പോള്‍ത്തന്നെ തട്ടിപ്പുകാര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നു.

കീബോര്‍ഡ് ലോഗര്‍: മറ്റൊരു രീതി, നിങ്ങളുടെ ഫോണില്‍ കീബോര്‍ഡ് ലോഗര്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുക എന്നതാണ്. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു സോഫ്റ്റ്വെയറാണ് കീബോര്‍ഡ് ലോഗര്‍. പല ബാങ്കിങ് വെബ്‌സൈറ്റുകളിലും ഓണ്‍-സ്‌ക്രീന്‍ കീബോര്‍ഡ് നല്‍കുന്നതിന്റെ കാരണം കീബോര്‍ഡ് ലോഗറുകള്‍ക്ക് അത് കണ്ടെത്താന്‍ സാധിക്കില്ല എന്നത് കൊണ്ടാണ്. ഈ ആപ്ലിക്കേഷനുകള്‍ വഴി ബാങ്ക് പാസ്വേഡുകള്‍, സമൂഹമാധ്യമങ്ങളിലെ പാസ്വേഡുകള്‍ തുടങ്ങിയവ അവര്‍ക്ക് ചോര്‍ത്താന്‍ സാധിക്കും.

തട്ടിപ്പില്‍നിന്ന് എങ്ങനെ രക്ഷനേടാം?

ബാങ്കില്‍നിന്നോ ധനകാര്യ സ്ഥാപനത്തില്‍നിന്നോ വിളിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരുടെ ആധികാരികത ഉറപ്പുവരുത്തുക.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക.

സ്‌ക്രീന്‍ ഷെയറിങ് ചെയ്യുമ്പോള്‍ ബാങ്കിങ് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുത്.

സംശയം തോന്നുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും https://cybercrime.gov.in-ല്‍ റിപ്പോര്‍ട്ട് ചെയ്യുകയോ 1930 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.