വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതിലെ പ്രതിസന്ധി കേരള നേതാക്കള്‍ അറിയിച്ചെങ്കിലും രാഹുൽ മനസ് തുറന്നില്ല.

ദില്ലി: സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്‍റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസിന്‍റെ ഇന്ന് പ്രഖ്യാപിച്ച പതിനഞ്ചാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല. 

രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സംശയമുള്ള വയനാട് മണ്ഡലത്തിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. മണ്ഡലത്തില്‍ അനൗദ്യോഗികമായി കെപിസിസി പ്രഖ്യാപിച്ച ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. അതേസമയം വടകരയില്‍ കെ മുരളീധരന്‍ പ്രചാരണത്തിലാണ്. 

ഇതുവരെ 305 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പതിനഞ്ചാം പട്ടികയില്‍ 12 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ബീഹാർ ,ഒഡീഷ,യു പി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബീഹാറിലെ സസ്റാം മണ്ഡലത്തിൽ മീരാ കുമാർ മത്സരിക്കും. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല. 

വയനാട് തീരുമാനം വൈകിയാൽ തെരഞ്ഞെടുപ്പിൽ അത് ബാധിക്കുമെന്ന് ആശങ്ക കേരള നേതാക്കള്‍ യോഗത്തിന് ശേഷം അറിയിച്ചെങ്കിലും രാഹുൽ മനസ് തുറന്നില്ല. സോണിയാഗാന്ധിയുടെ വസതിയിൽ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായതേയില്ല. എ.കെ ആന്‍റണി , കെ സി വേണുഗോപാൽ , വി. ഡി സതീശൻ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല. 

രാഹുൽ സ്ഥാനാര്‍ത്ഥിയായാൽ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്‍കുന്ന കാര്യം പുനരാലോചിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ സിപിഎം നല്‍കിയിരുന്നു. കേരളത്തിൽ ഇടത് മുന്നണിയിലെ ഘടകക്ഷികളായ എൻസിപിയും ജനതാദള്‍ എസും രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. ശരദ് പവാര്‍ ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്.