ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണാക വഴിത്തിരിവാകും വ്യാഴാഴ്ച വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് വിരുദ്ധ നിലപാട് പയറ്റി വിജയിച്ച നേതാക്കളുടെ പട്ടികയിൽ ആദ്യസ്ഥാനത്തേക്ക് ഉയരാൻ നരേന്ദ്രമോദിക്കാവുമോ എന്ന് നാളെ അറിയാം. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിൻറെയും പല പ്രാദേശിക പാ‍ർട്ടികളുടെയും നിലനില്പിന് നാളെ ഇവിഎമ്മിൽ തെളിയുന്ന സംഖ്യ പ്രധാനമാണ്.

2014-ല്‍ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എത്തിയത് അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള അഴിമതി കഥകൾ. നിർഭയ കൂട്ടബലാൽസംഗത്തിനു ശേഷമുള്ള യുവരോഷം. മുസഫർ നഗർ കലാപം ഉയർത്തിയ അപകടകരമായ ധ്രുവീകരണം. കണ്ണഞ്ചിപ്പിക്കുന്ന പ്രചാരണ രീതികളിലൂടെ പ്രതീക്ഷയും സ്വപ്നവുമായി മോദിയെ അവതരിപ്പിപ്പിക്കുക കൂടി ചെയ്തതോടെ വിജയം ഉറപ്പായി. 

പാർലമെൻറ് കവാടത്തിൽ നമസ്കരിച്ച് അകത്ത് കയറിയ മോദി പക്ഷേ പാർലമെൻററി മര്യാദകൾക്ക് വലിയ വില നല്കിയില്ല. അധികാരം തന്നിൽ കേന്ദ്രീകരിക്കുന്ന സംവിധാനത്തിനു രൂപം നല്കി. മോദി അമിത് ഷാ കൂട്ടുകെട്ട് എല്ലാം നിർണ്ണയിച്ചു. അവിശ്വസനീയ വിജയങ്ങൾ അഞ്ചുവർഷത്തിൽ മോദി പാർട്ടിക്ക് സമ്മാനിച്ചു. ഉത്തർപ്രദേശ് പിടിച്ചെടുത്തു. രാഷ്ട്പതി കസേരയിൽ ഇതാദ്യമായി ഒരു സംഘപരിവാർ നേതാവിനെ എത്തിച്ചു. എന്നാൽ 2018- അവസാനത്തോടെ മോദി പുറത്തേക്കെന്ന പ്രതീതി ഉണ്ടാക്കി. 

ആ അന്തരീക്ഷത്തിൽ തുടങ്ങിയ തെരഞ്ഞെടുപ്പിന് ഒടുവിലാണ് നാളെ ഫലം വരുന്നത്. ഹിന്ദുത്വ വികാരവും ദേശീയതയും തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിനെക്കാൾ മോദിയുടെ വ്യക്തിപ്രഭാവമാവും ജയപരാജയം നിർണ്ണയിക്കുക. ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യത്തെ ഒരു പ്രസിഡൻഷ്യൽ രീതിയിലേക്ക് മോദിക്ക് മാറ്റാനായെന്ന സൂചനയാണ് ഫലം നല്‍കുന്നതെങ്കില്‍ അത് ഇതുവരെ കണ്ടുവന്ന രാഷ്ട്രീയ രീതികൾ മാറ്റും. 

കുടുംബങ്ങൾക്കപ്പുറത്ത് പ്രതിഭയുടെ നേതാക്കളെ കണ്ടെത്താൻ രാഷ്ടീയ പാർട്ടികളെ അത് നിർബന്ധിതരാക്കും. രാഹുൽ ഗാന്ധിക്ക് മോദിയുടെ പ്രധാന എതിരാളിയാവാൻ പ്രചാരണത്തിൽ കഴിഞ്ഞു. സംസ്ഥാന നിയമസഭകളിലെ മുൻതൂക്കം ഹിന്ദു ഹൃദയഭൂമിയിൽ നിലനിറുത്തിയാൽ രാഹുൽ ഏറെ നാൾ ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കും. മറിച്ചെങ്കിൽ പാർട്ടിയിൽ എതിർസ്വരം ശക്തമാകും. ഒരുവശത്ത് ഇടതുപക്ഷവും ആംആദ്മി പാ‍ർട്ടിയും ആശങ്കയോടെയാണ് ഫലം കാത്തിരിക്കുന്നത്. 

മോദിയെ ഇത്തവണ ചില പ്രാദേശിക പാർട്ടികൾ ശക്തമായി ചെറുത്തു. എന്നാൽ പ്രാദേശിക പാ‍ർ‍ട്ടികൾക്ക് ആധിപത്യമില്ലാത്ത ഒരു സർക്കാർ കൂടി വന്നാൽ പലർക്കും പിടിച്ചു നില്ക്കുക എളുപ്പമാവില്ല. കോൺഗ്രസ് സർവ്വാധിപത്യത്തോടെ വാണ ഇന്ത്യന്‍ രാഷട്രീയം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും രാമക്ഷേത്ര പ്രക്ഷോഭവും വിഷയമായി വന്ന 90-കളിലാണ് പുതിയ വഴിയില്‍ യാത്ര തുടങ്ങിയത്. മുപ്പത് കൊല്ലത്തിനിപ്പുറം പുതിയ പാത വെട്ടിതെളിക്കുന്നതാകുമോ പതിനേഴാം ലോക്സഭ ?  എല്ലാ ആകാംക്ഷയ്ക്കും നാളെ ഉച്ചയോടെ അവസാനമാവും. അതു വരെ എല്ലാം സസ്പെന്‍സില്‍.