തങ്ങളുടെ കുടുംബം താമസിക്കുന്നതും വോട്ട് ‌ചെയ്യുന്നതും ഒരുമിച്ചാണ്. അത് തങ്ങളുടെ പാരമ്പര്യമാണെന്നും കുടുംബത്തിലെ മുതിർന്നയാളായ പാർവ്വതിഭായ് ബോസ്‍ലെ പറഞ്ഞു.

പൂനെ: മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പൂനെയിലെ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അം​ഗങ്ങൾ. മഹാരാഷ്ട്രയിലെ ഏറ്റവും പുരാതന കുടുംബമായ ബോസ്‍ലെ കുടുംബത്തിലെ അം​ഗങ്ങളാണ് ഉദ്യോ​ഗസ്ഥരെ അമ്പരപ്പിച്ച് പോളിങ് ബൂത്തിലെത്തിയത്. തങ്ങളുടെ കുടുംബം താമസിക്കുന്നതും വോട്ട് ‌ചെയ്യുന്നതും ഒരുമിച്ചാണ്. അത് തങ്ങളുടെ പാരമ്പര്യമാണെന്നും കുടുംബത്തിലെ മുതിർന്നയാളായ പാർവ്വതിഭായ് ബോസ്‍ലെ പറഞ്ഞു.

95 വയസാണ് പാർവ്വതിഭായ് ബോസ്‍ലെയുടെ പ്രായം. 26 വയസുള്ള നിരഞ്ജൻ ആണ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. ആറ് സഹോദരൻമാരും അവരുടെ മക്കളും മരുമക്കളും അടങ്ങിയതാണ് ബോസ്‍ലെ കുടുംബം. എല്ലാ തെരഞ്ഞെടുപ്പിലും കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തുമെന്നും പാർവ്വതിഭായുടെ മകൻ ജയ് സിം​ഗ് ബോസ്‍ലെ പറഞ്ഞു. 

തെര‍ഞ്ഞെടുപ്പ് പ്രചാരണാർഥം അയൽക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോസ്‍ലെ കുടുംബം ബോധവൽക്കരണം നടത്തിയിരുന്നു. അമ്മയാണ് കുടുംബത്തിലെ ഏറ്റവും പ്രായമുള്ള വോട്ടർ. വീൽ ചെയറിൽ ആണെങ്കിലും മുടങ്ങാതെ അവർ വോട്ട് ചെയ്യാൻ പോകാറുണ്ടെന്നും ജയ് സിം​ഗ് പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്യാൻ പോകുന്നത് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പാർവ്വതിഭായ് ബോസ്‍ലെ പറഞ്ഞു.