ബെഗുസരായി: സിപിഐയുടെ യുവ നേതാവും ഇടതുപക്ഷ സ്ഥാനാർത്ഥികളിൽ പ്രധാനിയുമായ കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച 65കാരൻ കൊല്ലപ്പെട്ടു. ബീഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. 

വെള്ളിയാഴ്ച രാവിലെ ബെഗുസരായിയിൽ റോഡരികിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ബെഗുസരായിയിലെ മതിഹൻതി പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാഗി ഗ്രാമവാസിയായ ഫാഗോ താംതി(65) ആണ് കൊല്ലപ്പെട്ടത്. 

ഇദ്ദേഹത്തിന്റെ മൃതശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇദ്ദേഹത്തെ കാണാതായി അധികം വൈകാതെ തന്നെ സിപിഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും സിപിഐ നേതാക്കൾ ആരോപിച്ചു.

മതിഹൻതി മേഖലയിൽ കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചത് ഫാഗോ താംതിയാണ്. അതിനാൽ തന്നെ രാഷ്ട്രീയ കൊലപാതകമാകാം ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പൊലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.