തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണക്ക്‌ പ്രകാരം ഇവിടെ സ്‌ത്രീ, പുരുഷ വിഭാഗങ്ങളിലല്ലാതെ വോട്ട്‌ രേഖപ്പെടുത്താനാവുന്നവരുടെ എണ്ണം ഒമ്പത്‌ ആണ്‌. എന്നാല്‍, അതേ വിഭാഗത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ 1912 പേരാണ്‌!

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറില്‍ ഒന്നാംഘട്ട പോളിംഗ്‌ അവസാനിച്ചപ്പോള്‍ പുറത്തുവന്ന കണക്കുകളില്‍ ആനയും ആടും തമ്മിലുള്ളത്‌ പോലെ വ്യത്യാസം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണക്ക്‌ പ്രകാരം ഇവിടെ സ്‌ത്രീ, പുരുഷ വിഭാഗങ്ങളിലല്ലാതെ വോട്ട്‌ രേഖപ്പെടുത്താനാവുന്നവരുടെ എണ്ണം ഒമ്പത്‌ ആണ്‌്‌. എന്നാല്‍, അതേ വിഭാഗത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ 1912 പേരാണ്‌!

സ്‌ത്രീയോ പുരുഷനോ അല്ലാതെ മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകളുടെ എണ്ണത്തില്‍ 1903 വോട്ടുകളുടെ വ്യത്യാസമാണ്‌ വന്നിരിക്കുന്നത്‌. ഇത്‌ കണക്കുകളില്‍ വന്ന അച്ചടിപ്പിശകാണെന്നാണ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. വോട്ടര്‍മാരുടെ ആകെ എണ്ണം കണക്കുകൂട്ടുമ്പോള്‍ പിശകുകളില്ലെന്നാണ്‌ മനസ്സിലാവുന്നത്‌.

വോട്ടര്‍മാരുടെ എണ്ണം പുരുഷന്മാര്‍ 1,68,701 സ്‌ത്രീകള്‍ 1,49,168 മറ്റുള്ളവര്‍ 9 എന്നിങ്ങനെയാണ്‌. ഇവ കൂട്ടുമ്പോള്‍ കിട്ടുന്ന സംഖ്യ 3,17, 878 ആണ്‌. ആകെ വോട്ട്‌ ചെയ്‌തവരുടെ എണ്ണം എടുത്താല്‍ പുരുഷന്മാര്‍ 1,07,985 സ്‌ത്രീകള്‍ 97,311 മറ്റുള്ളവര്‍ 1912. ഇവ കൂട്ടുമ്പോള്‍ കിട്ടുന്ന സംഖ്യ 2,07,208. അപ്പോള്‍പ്പിന്നെ കണക്കുകളില്‍ വലിയ ആശങ്കയ്‌ക്കൊന്നും വകയില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.