പ്രായാധിക്യം മൂലം നടക്കാന്‍ കഴിയാത്തതിനാല്‍  സഹോദരന്റെ മകന്‍ കെ യശോധരനും കൊച്ചുമകനും ചേര്‍ന്ന് എടുത്തുകൊണ്ടുവന്നാണ് മാധവിയമ്മയെ വോട്ട് ചെയ്യിപ്പിച്ചത്.

കായംകുളം: പ്രായത്തിന്‍റെ അവശതകളും ഓര്‍മ്മക്കുറവും ഉണ്ടെങ്കിലും വോട്ടവകാശം വിനിയോഗിക്കാന്‍ മാധവിയമ്മ മറന്നില്ല. പ്രായം തളർത്താത്ത ആവേശവുമായി കായംകുളം സ്വദേശി മാധവിയമ്മ 93-ാം വയസ്സിലും വോട്ട് ചെയ്യാനെത്തി. മാവിലേത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 70-ാം നമ്പര്‍ ബൂത്തിലാണ് മാധവിയമ്മ വോട്ട് രേഖപ്പെടുത്തിയത്.

കാഴ്ചയും കേള്‍വി ശക്തിയും കുറവായ മാധവിയമ്മക്ക് പഴയകാര്യങ്ങള്‍ എല്ലാം ഓര്‍മ്മയിലില്ല. എന്നാല്‍ വോട്ടു ചെയ്യണമെന്ന് ആഗ്രഹം പ്രകടപ്പിച്ചു. ഇതോടെ മാധവിയമ്മയുടെ ആഗ്രഹം സാധിച്ച് നല്‍കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. പ്രായാധിക്യം മൂലം നടക്കാന്‍ കഴിയാത്തതിനാല്‍ സഹോദരന്റെ മകന്‍ കെ യശോധരനും കൊച്ചുമകനും ചേര്‍ന്ന് എടുത്തുകൊണ്ടുവന്നാണ് മാധവിയമ്മയെ വോട്ട് ചെയ്യിപ്പിച്ചത്.

വോട്ടു ചെയ്യാന്‍ അവസരം ലഭിച്ച കാലം മുതൽ കൃത്യമായി പഞ്ചായത്ത്, നഗരസഭ, നിയമസഭ, ലോക്‌സഭ ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബൂത്തുകളില്‍ പോയി വോട്ടു ചെയ്തിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്ന് ഓര്‍മ്മയില്ലെന്നും മാധവിയമ്മ പറഞ്ഞു.

 കായംകുളം നഗരസഭയിലെ ആറാം വാര്‍ഡില്‍ എരുവ പടിഞ്ഞാറ് മാവിലേത്ത് കുറ്റിയില്‍ പരേതനായ രാഘവന്റെ ഭാര്യയാണ് മാധവിയമ്മ. കര്‍ഷക തൊഴിലാളി സമരത്തിലും കശുവണ്ടി തൊഴിലാളി സമരത്തിലും മാധവിയമ്മ പങ്കെടുത്തിട്ടുണ്ട്.