ദില്ലി: മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിം​ഗ് ഠാക്കൂറിന് പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. പ്ര​ഗ്യ സിം​ഗിന്റെ പേരിലുള്ള കേസുകൾ കെട്ടിചമച്ചതാണെന്നും ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലെ രാജ്ന​ഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭോപ്പാലിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്ര​ഗ്യ സിം​ഗിനെ പ്രഖ്യാപിച്ചത് തികച്ചും ശരിയായ തീരുമാനമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. പ്ര​ഗ്യ സിം​ഗിനെതിരെയുള്ള കേസുകൾ വോട്ടിന് വേണ്ടിയുള്ള ഗൂഢാലോചനയാണ്. അവർക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അവയൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിം​ഗ് മാലേഗാവ് സ്ഫോടനത്തെ കാവി ഭീകരത എന്നു വിശേഷിപ്പിച്ചതിനെതിരേയും അമിത് ഷാ പ്രതികരിച്ചു. പ്ര​ഗ്യ സിം​ഗിനെതിരായ മാലേഗാവ് സ്ഫോടന കേസ് കോൺ​ഗ്രസ് കെട്ടിചമച്ചതാണ്. സംഝോത എക്സ്പ്രസ് സ്ഫോടനകേസ്, മെക്ക മസ്ജിദ് സ്ഫോടനകേസ് എന്നിവയുടെ വിധിയിൽ ​ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോൺ​ഗ്രസ് തങ്ങളുടെ സംസ്ക്കാരത്തെ അപകീർത്തിപ്പെടുത്തിയതായും അമിത് ഷാ കുറ്റപ്പെടുത്തി.