ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെയും മണ്ഡലങ്ങളിൽ ഇത്തവണ ഒരു ചെറായിക്കാരന്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടിയുടെ (ഐജിപി) ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനായ എറണാകുളം സ്വദേശി യു എസ് ആഷിൻ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടി 2011 ലാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡ‍ലമായ വാരണാസിയിലും രാഹുൽ ​ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തുന്നത് ആഷിനാണ്.

സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുക എന്നതാണ് ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടിയുടെ ലക്ഷ്യമെന്ന് ആഷിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് കൂടുതൽ ഊന്നൽ നൽകാനുദ്ദേശിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലും ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടി മത്സരിക്കുന്നുണ്ട്. മോദിക്കും രാഹുലിനും എതിരാളികളായിട്ടല്ല ഈ പാർട്ടി തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മറിച്ച് സംരംഭകത്വത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അതുപോലെ തന്നെ പ്രചാരണ പരിപാടിയിലും വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഫ്ലെക്സോ പോസ്റ്ററോ മറ്റ് പ്രചാരണ പരിപാടികളോ ഇല്ല. പൂർണ്ണമായും ഡിജിറ്റലൈസ്ഡ് പ്രചാരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ​ഗാന്ധിയൻ ആദർശങ്ങളോട് ആഭിമുഖ്യം പുലർത്തിയാണ് ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ. ഫേസ്ബുക്ക് ക്യാംപെയിൻ വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയാൽ പതിനെട്ട് വയസ്സിന് ശേഷമുള്ളവർ‌ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അതുപോലെ ബിസിനസ് തുടങ്ങാനുള്ള സഹായവും നൽകും. 

ഇന്ത്യ ഒരു വികസ്വര രാജ്യമാണ്. എന്നാൽ കൃത്യമായ സിസ്റ്റത്തിലൂടെ ഇന്ത്യയെ വികസിതമാക്കാൻ സാധിക്കും. 130 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അതായത് 130 കോടി കഴിവുകളും ചിന്തകളുമുള്ളവരാണ് ഇന്ത്യക്കാർ എന്ന് സാരം. ഇവരെ ഏകോപിപ്പിക്കാൻ സാധിച്ചാൽ ഇന്ത്യ വികസനത്തിലേക്കെത്തും. അതിനായി മികച്ച സംരംഭ സംവിധാനം ഒരുക്കിക്കൊടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മൂന്നു മാസം മുമ്പു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നതായി ആഷിൻ പറയുന്നു. സോഷ്യൽ മീഡിയ ക്യാംപെയിൻ വഴി അയ്യായിരത്തോളം അപേക്ഷകർ ലഭിച്ചിട്ടുണ്ടെന്ന് ആഷിൻ പറയുന്നു. മാർച്ച് 23 ന് സ്ഥാനാർത്ഥിപട്ടിക പൂർണ്ണമായി പുറത്തുവിടും.