ദില്ലി: സഖ്യത്തിനായി കോൺഗ്രസിന് അവസാനമായി ഒരവസരം കൂടി നൽകുന്നുവെന്ന് ആം ആദ്മി പാർട്ടി. 'ആപ്പു'മായുള്ള സഖ്യസാധ്യത അവസാനിച്ചെന്ന് വ്യാഴാഴ്ച കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ പ്രസ്താവന. ''ഇന്നും കോൺഗ്രസിന് അവസാന അവസരം നൽകുകയാണ്. രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷ ഐക്യം വേണമെന്ന് പറയുകയാണ്. ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം'', എഎൻഐ-യ്ക്ക് നൽകിയ അഭിമുഖത്തിൽ ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് വ്യക്തമാക്കി. 

സഖ്യസാധ്യത നിലനിർത്താൻ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക നൽകുന്നത് ഏപ്രിൽ 22-ലേയ്ക്ക് മാറ്റി. നാമനിർദേശപത്രിക നൽകേണ്ട അവസാനദിനം ഏപ്രിൽ 23 ആണ്. മെയ് 12-നാണ് ദില്ലിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. 

ദില്ലിയിൽ നാല് സീറ്റുകളാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിക്ക് വാഗ്‍ദാനം ചെയ്തത്. എന്നാൽ ഹരിയാനയിലും സഖ്യം വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സഖ്യചർച്ച അട്ടിമറിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദില്ലിക്ക് പുറത്തേക്ക് സഖ്യം നിലനിർത്താൻ കോൺഗ്രസിന് താത്പര്യമില്ല. 

ദില്ലിയിൽ ആം ആദ്മി പാർട്ടി - കോൺഗ്രസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പാക്കി ആം ആദ്മി പാർട്ടിക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്തായാലും ദില്ലിയിൽ ത്രികോണപ്പോരാട്ടം നടക്കുന്നാൽ അത് ബിജെപിക്ക് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് സർവേകളും പറയുന്നത്. 

ഇനി ചർച്ച വേണ്ടെന്നാണ് കോൺഗ്രസിന്‍റെ തീരുമാനം. ബാക്കിയുള്ള ഏഴ് സീറ്റുകളിലേക്കും കോൺഗ്രസ് ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പട്ടികയിൽ മുതിർന്ന നേതാക്കളുൾപ്പടെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.