Asianet News MalayalamAsianet News Malayalam

'നിരുപാധികം മാപ്പ് പറയണം'; ഗംഭീറിന് ആം ആദ്മി പാർട്ടി വക്കീൽ നോട്ടീസയച്ചു

ഗൗതം ഗംഭീറിന് ആം ആദ്മി പാർട്ടി വക്കീൽ നോട്ടീസ് അയച്ചു. കിഴക്കൻ ദില്ലിയിലെ സ്ഥാനാർഥി ആതിഷിയെ അപകീർത്തിപ്പെടുത്തുന്ന ലഖുലേഖ വിതരണം ചെയ്തതിന് മാപ്പ് പറയണം എന്നാണ് ആവശ്യം.

AAP sends legal notice to Gautam Gambhir
Author
Delhi, First Published May 11, 2019, 1:26 PM IST

ദില്ലി: ദില്ലി നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ കിഴക്കൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീൽ നോട്ടീസയച്ചു. എതിർ സ്ഥാനാർത്ഥി ആതിഷിയെ അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീൽ നോട്ടീസയച്ചത്. കെജ്രിവാളിന്റെ തരംതാണ രാഷ്രീയ നാടകമെന്ന മറുപടിയുമായി ആരോപണം തള്ളുകയാണ് ബിജെപി.

മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിതുമ്പി കരഞ്ഞ്, ജാതി അധിക്ഷേപം അടക്കം നടത്തിയെന്ന് ആരോപിച്ച് ആതിഷി ഉയർത്തിയ പരാതി തെരഞ്ഞെടുപ്പ് മുഖത്ത് അവസാന മണിക്കൂറുകളിൽ ചൂടേറിയ ചർച്ചയാണ്. മാപ്പ് പറഞ്ഞ് പത്രത്തിൽ പരസ്യം നൽകിയില്ലെങ്കിൽ നിയമ നടപടി തുടരുമെന്ന് വ്യക്തമാക്കിയാണ് ആം ആദ്മിയുടെ നോട്ടീസ്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സ്വഭാവമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ആരോപിച്ച് കെജ്രിവാളിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ആക്രമണം കടുപ്പിക്കുകയാണ്. ഇത് ദില്ലിയിലെ വോട്ടർമാർക്കിടയിൽ ബിജെപി വിരുദ്ധത വളർത്താൻ സഹായിച്ചെന്ന് ആം ആദ്മി വിലയിരുത്തുന്നു. 

അതേസമയം, ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് പറഞ്ഞ ഗൗതം ഗംഭീർ, കെജ്രിവാളിനെ ലക്ഷ്യം വച്ചാണ് മറുപടികൾ നൽകുന്നത്. ജനപിന്തുണ നഷ്ടപ്പെടുന്ന ആം ആദ്മിയുടെ പിടിച്ചു നിൽക്കാനുള്ള അടവെന്ന മറുപടിയിലൂന്നിയുള്ള മറുതന്ത്രം താമരക്ക് ലഭിക്കാനുള്ള വോട്ടുകൾ ഭിന്നിപ്പിക്കില്ലെന്നും ബിജെപി ക്യാമ്പ് കണക്കു കൂട്ടുന്നു.

കഴിഞ്ഞ ദിവസം, ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഗൗതം ഗംഭീര്‍ വക്കീൽ നോട്ടീസയച്ചിരുന്നു. അ​ര​വി​ന്ദ് കെജ്രിവാൾ, മ​നീ​ഷ് സി​സോ​ദി​യ, ആതി​ഷി എ​ന്നി​വ​ർ​ക്കാ​ണ് ഗംഭീര്‍ നോ​ട്ടീ​സ് അ‍​യ​ച്ച​ത്. അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് എഎപി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചതിന് പിന്നാലെയാണ് ​ഗംഭീറിന്റെ നടപടി. ഈ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ​ഗംഭീറിന്റെ ആവശ്യം.

Also Read: ആം ആദ്മി പാർട്ടി നേതാക്കൾക്ക് ഗം​ഭീ​ര്‍ നോട്ടീസ് അയച്ചു

Follow Us:
Download App:
  • android
  • ios