ദില്ലി: ആം ആദ്മി പാർട്ടിയുടെ കേരളാ ഘടകത്തിന്‍റെ പിന്തുണ എൽഡിഎഫിന്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ നിരുപാധികം പിന്തുണക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സോമ്നാഥ് ഭാരതി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസുവിനൊപ്പം സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിലാണ് കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്ന് ആപ്പ് വ്യക്തമാക്കിയത്.

ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആർ നീലകണ്ഠനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും സോമ്നാഥ് ഭാരതി അറിയിച്ചു. സിആ‍ർ നീലകണ്ഠനെ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയതായും ആപ്പ് അറിയിച്ചു.