ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്‍റെ റോള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം

വടകര: പി ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായതോടെ ആര്‍ എം പി കോണ്‍ഗ്രസ് സഹകരണത്തിന് വഴിയൊരുങ്ങി. ആര്‍എംപി രൂപം കൊണ്ട ശേഷമുള്ള 2 തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സ്വന്തം വോട്ടുകള്‍ സമാഹരിച്ചിരുന്നുവെങ്കിലും ഇത്തവണ ജയരാജനെ ലക്ഷ്യമിട്ട് തന്ത്രം മാറ്റിയേക്കും. കെ കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയാക്കുമോയെന്ന ചര്‍ച്ച സജീവമായി ഉയര്‍ന്ന് കഴിഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്‍റെ റോള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. യു.ഡി.എഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടെക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍ എം പി ഇപ്പോഴുമാരോപിക്കുന്നു. 

അതിനാല്‍ തന്നെ വടകരയിലെക്കുള്ള ജയരാജന്‍റെ അപ്രതീക്ഷിതമായ വരവ് ആര്‍എം പി ക്യാംപില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
മണ്ഡലത്തില്‍ 20000ത്തോളം വോട്ടാണ് ആര്‍എംപിക്കുള്ളത്. യുഡിഎഫ് വിട്ടെത്തിയ എല്‍ജെഡിയുടെ വോട്ട് എല്‍ഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തേകുമെന്നിരിക്കെ ആര്‍എംപിയുടെ വോട്ടുകള്‍ മതിയാകില്ല വിജയം തടയാന്‍. 

ഈ സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമയെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് ഭാഗ്യ പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോ എന്നാണിപ്പോള്‍ ചര്‍‍ച്ച. സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കുന്നത് കോണ്‍ഗ്രസില്‍ പതിവില്ല. എങ്കിലും പി ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം മറ്റ് 19 മണ്ഡലങ്ങളിലും കൊലപാതകരാഷ്ട്രീയം ചര്‍ച്ചാവിഷയമാക്കാന്‍ കോണ്‍ഗ്രസിന് വഴി തുറന്ന സാഹചര്യത്തില്‍ അവര്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ചോദ്യം.