ഇപ്പോൾ ചർച്ച ചെയ്യപെടുന്നത് ജനങ്ങളുടെ ആവശ്യം മാത്രമാണെന്നാണ് എഐസിസി നിലപാട്. വിഷയത്തില്‍ രാഹുൽ ഉടൻ തീരുമാനമെടുക്കുമെന്നും എഐസിസി
ദില്ലി: രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വ്യക്തത ഇല്ലാതെ എഐസിസി നേതൃത്വം. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് രാഹുലിന് മാത്രം അറിയാമെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കി. ഇപ്പോൾ ചർച്ച ചെയ്യപെടുന്നത് ജനങ്ങളുടെ ആവശ്യം മാത്രമാണെന്നാണ് എഐസിസി നിലപാട്. വിഷയത്തില്‍ രാഹുൽ ഉടൻ തീരുമാനമെടുക്കുമെന്നും എഐസിസി വിശദമാക്കി.
പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും എഐസിസി കൂട്ടിച്ചേര്‍ത്തു. എൻ ഡി എ യെ താഴെ ഇറക്കാൻ ചെറുപാർട്ടികൾ അനിവാര്യമാണെന്നും കോൺഗ്രസിനെ പിന്തുണക്കണമെന്നും ഒന്നിച്ച് നിൽക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയിൽ മല്‍സരിച്ചാൽ വയനാട്ടിൽ സ്ഥാനാര്‍ഥിയാകാനാണ് കൂടുതൽ സാധ്യത .
കര്‍ണാടകത്തിലെ ബിദാര്‍ പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാൻ സാധ്യതയില്ലെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും . തെക്കേ ഇന്ത്യയിൽ താൻ സ്ഥാനാര്‍ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.
