മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്‍റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തുകയാണ്. സുര്‍ജെവാലക്കൊപ്പം കെസി വേണുഗോപാലും മാധ്യമപ്രവര്‍ത്തകരെ കാണും 

ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനം അൽപ സമയത്തിനകം. അനിശ്ചിതത്വം ഒഴിവാക്കണമെന്ന ആവശ്യം എഐസിസി അടിയന്തരമായി പരിഗണിക്കുകയാണ്. പത്തരയ്കക്ക് എഐസിസി വക്താവ് രൺദീപ് സുര്‍വാല വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടത് പതിനൊന്ന് മണിയിലേക്ക് മാറ്റി. 

വാര്‍ത്താ കുറിപ്പിലൂടെയാണ് സാധാരണ എഐസിസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്. എന്നാൽ വക്താവിന്റെ വാര്‍ത്താ സമ്മേളനത്തിന് മുൻപ് രാഹുലിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കാൻ തന്നെയാണ് നേതാക്കൾ ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ന് ആന്ധ്രയിലും കര്‍ണാടകയിലും രാഹുൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ ഉണ്ട്. അതിന് മുൻപ് എന്തായാലും തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

നിര്‍ണ്ണായക തീരുമാനത്തിന് മുൻപ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തുകയാണ്. അഹമ്മദ് പാട്ടേലും കൂടിയാലോചനകളിൽ പങ്കെടുക്കുന്നുണ്ട്. രാഹുലിന്‍റെ തീരുമാനം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തെക്കേ ഇന്ത്യയിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന സൂചന തന്നെയാണ് എഐസിസി വൃത്തങ്ങളിൽ നിന്ന് കിട്ടുന്നത്.

 ഇപ്പോൾ തന്നെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതൃത്വത്തിന് ആകെയും ഉള്ളത്. അതൃപ്തി നേരിട്ട് ലീഗ് നേതൃത്വം ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്.