ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. 'മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ' എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ പുരോ​ഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കൾക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു. 

ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. 542 ലോക്സഭ സീറ്റിൽ  291 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു. ബാക്കി 12 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺ​ഗ്രസിന് ഇത്തവണ വെറും 51 സീറ്റിലാണ് വിജയം ഉറപ്പിക്കാനായത്. 

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്‍തില്ല എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്. ഇതിന് വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തി. തന്റേത് കനേഡിയൻ പൗരത്വമായതിനാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് താരം പറഞ്ഞു. 
 
ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്നുള്ള അഭിനന്ദനപ്രവാഹമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവർ മോദിക്ക് അഭിനന്ദനവുമായി എത്തി. ബോളിവുഡ് നടി പ്രീതി സിന്‍റ, നടൻ മോഹൻലാൽ, രജനികാന്ത് തുടങ്ങിയ താരങ്ങളും മോദിയെ അഭിനന്ദിച്ച് രം​ഗത്തെത്തി.