ആലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിനിടയിലും എഴുത്തുജീവിതത്തിന് സമയം നൽകി ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ എം ആരിഫ്.   'എന്‍റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പേരിലുള്ള ആരിഫിന്‍റെ പുസ്തക സമാഹാരം കൊച്ചിയിൽ പ്രകാശനം ചെയ്തു. നടൻ മമ്മൂട്ടിയാണ് പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്.

മമ്മൂട്ടിയുടെ മാസ് ഡയലോഗും നിയമസഭയിൽ ആയുധമാക്കിയ അരൂരുകാരുടെ എംഎൽഎ വിദ്യാർത്ഥി ജീവിതം മുതലേ എഴുത്ത് ശിലമാക്കിയ ആളാണ്. വലിയ നേതാവായപ്പോഴും എംഎൽഎ ശീലം തുടർന്നു. ഒടുവിൽ തന്‍റെ നിയമസഭാ പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിക്കണമെന്ന മോഹമാണ് പുതിയ പുസ്തകത്തിന്‍റെ പിറവിയിലേക്കെത്തിച്ചത്. 

പുസ്തകം പ്രകാശനം ചെയ്ത നടൻ മമ്മൂട്ടി തന്നെയാണ് അവതാരിക എഴുതിയതും. പ്രശസ്ത സാഹിത്യകാരൻ എംകെ സാനുവും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഏറെക്കാലത്തെ തന്‍റെ സ്വപ്നത്തിന് കൂട്ടായി നിന്ന ഏല്ലാവരോടും നന്ദി പറഞ്ഞ എം എ ആരിഫ് വീണ്ടും പ്രചാരണ ചൂടിലേക്കിറങ്ങി. തികഞ്ഞ വിജയപ്രതീക്ഷയോടെ.