വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസംഗമായിരുന്നു ജി സുധാകരന്‍റേതെന്ന് പരാതിയിൽ യുഡിഎഫ് ഉന്നയിക്കുന്നു. 

ആലപ്പുഴ:കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.

ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലെ പൊതുയോഗത്തിനിടെയായിരുന്നു ജി സുധാകരന്‍റെ വിവാദ പ്രസംഗം. "പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുകയാണ് പലരും. എന്നാൽ വടക്കേ ഇന്ത്യയിൽ എഴുന്നേറ്റ് നടക്കാൻ പോലും വയ്യാത്ത പുലിയാണ് വരുന്നത്. അവിടെ ആർഎസ്എസ്സിനെ നേരിടാൻ വയ്യ. വടക്കേ ഇന്ത്യയിൽ ബിജെപിയെ കാണുമ്പോൾ മുട്ടുവിറക്കുകയാണ്.." ഇതായിരുന്നു രാഹുലിനെതിരായ ജി സുധാകരന്‍റെ വാക്കുകൾ. 

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സ് പ്രസിഡന്‍റുമായ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസംഗമായിരുന്നു ജി സുധാകരന്‍റേതെന്ന് പരാതിയിൽ യുഡിഎഫ് ഉന്നയിക്കുന്നു. യുഡിഎഫിന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റും കെപിസിസി ട്രഷററുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹമാണ് പരാതിക്കാരന്‍. എന്നാൽ താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.