തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍  മിന്നും വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ട്വന്‍റി20 പ്രചാരണവുമായി മുന്നോട്ട് വരുമ്പോള്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല 19 മണ്ഡലങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ വന്നു തുടങ്ങി. അന്നത്തെ യുഡിഎഫിന്‍റെ വിലയിരുത്തല്‍ വാര്‍ത്തയായി.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകള്‍ വരെ നേടാനാകുമെന്ന് യുഡിഎഫ് വിലയിരുത്തൽ എന്ന് വാര്‍ത്തയും പുറത്തുവന്നു.

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ വെട്ടിമാറ്റിയെന്നും കള്ളവോട്ട് നടന്നുവെന്നും ആരോപിച്ച് യുഡിഎഫ് മുന്‍കരുതല്‍ എടുക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ്  സ്വപ്നം പോലും കാണാത്ത ഒരു മണ്ഡലത്തിലെ വിജയമാണ് അവരെ അത്ഭുതപ്പെടുത്തുന്നത്.

അന്നത്തെ വാര്‍ത്തയിലെ ഒരു വരി ഇങ്ങനെ... 'പാലക്കാട് ഒഴികെയുളള മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന് വിജയ പ്രതീക്ഷയാണ്'. അതെ പാലക്കാട് യുഡിഎഫ് ഒരിക്കലും വിജയം പ്രതീക്ഷിക്കാത്ത മണ്ഡലം തന്നെയായിരുന്നു. അതേസമയം ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചു കയറുമെന്നും കോണ്‍ഗ്രസു യുഡിഎഫും പ്രതീക്ഷിച്ചു.

അതേ ഞെട്ടല്‍ തന്നെയാണ് സിപിഎമ്മിനും ഉണ്ടായിരിക്കുന്നത് പാലക്കാട് എങ്ങനെ തോറ്റുവെന്ന കാര്യത്തിലാണ് പാര്‍ട്ടിയും മുന്നണിയും പിന്നെ ഓരോ അണികളും ചോദിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും അതേപോലെ ശബരിമല വിഷയവും പ്രതികൂലമായെന്നുമാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. അതിനെല്ലാം അപ്പുറം ആ മണ്ഡലത്തിലെ പരാജയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി മറനീക്കി പുറത്തുവരികയുമാണ്.