ദില്ലി: പാർട്ടി നേതൃത്വം അവ​ഗണിക്കുന്നിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അൽക ലാംബ. കഴിഞ്ഞ നാല് മാസമായി ഒരു എംഎൽഎ യോ​ഗത്തിൽ പോലും പാർട്ടി തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന തീരുമാനത്തിൽ എത്തിയതെന്നും അൽക ലാംബ പറഞ്ഞു.  

കഴിഞ്ഞ നാല് മാസമായി പാർട്ടി നേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ലെന്നും അതിനാൽ പാർട്ടിക്ക് വേണ്ടി ഇനി ഒരിക്കലും പ്രചാരണത്തിന് ഇറങ്ങില്ലെന്നും അൽക്ക ലാംബ പറ‍ഞ്ഞു. അതേസമയം പാർട്ടിക്കും തനിക്കും ഇടയിൽ എന്ത് തന്നെ സംഭവിച്ചാലും തന്റെ മണ്ഡലമായ ചാന്ദ്നി ചൗക്കിലെ ജനങ്ങളെ വിട്ട് പോകില്ലെന്ന് അൽക പറഞ്ഞു. ജനങ്ങൾക്കായി വികസനപ്രവർത്തനങ്ങൾ നടത്തുന്നത് തുടരുമെന്നും അൽക്ക കൂട്ടിച്ചേർത്തു. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ അൺഫോളോ ചെയ്ത് അവ​ഗണിക്കുന്നുവെന്ന് അൽക ലാംബ നേരത്തെ ആരോപിച്ചിരുന്നു.  തന്നെ ട്വിറ്ററിൽ അൺഫോളോ ചെയ്തും വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കിയും പാർട്ടി നേതൃത്വം ഒഴിവാക്കുകയാണ്. മുതിർന്ന എഎപി നേതാവും കൈലാശ് എംഎൽഎയുമായ സൗരഭ് ഭരത്‍രാജ് പാർട്ടിയിൽനിന്നും രാജി വച്ച് പോകുന്നതിന് തന്നെ അധിക്ഷേപിക്കാറുണ്ടെന്നും അൽക പറഞ്ഞു.