Asianet News MalayalamAsianet News Malayalam

കുമ്മനത്തിന് കിട്ടിയ പൊന്നാടകളെല്ലാം തലയിണ കവറുകളായി വീണ്ടും ജനങ്ങളിലേക്ക്

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പൊന്നാടയായി പ്രവർത്തകരും അനുഭാവികളും നൽകിയ പൊന്നാടകളെല്ലാം കുമ്മനം രാജശേഖരൻ സൂക്ഷിച്ചുവച്ചിരുന്നു

All shawls kummanam rajasekharan got would soon become pillow cover
Author
Thiruvananthapuram, First Published Apr 24, 2019, 11:00 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം തുണി സഞ്ചിയോ തലയിണ കവറോ ആക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. പര്യടനത്തിനിടെ ലഭിച്ച മുഴുവൻ ഷോളുകളും പൊന്നാടകളും ഇദ്ദേഹം സൂക്ഷിച്ച് വച്ചിരുന്നു. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട പകരം മൂല്യവർദ്ധിത ഉൽപ്പന്നമായി വിപണിയിലെത്തിക്കാനാണ് ശ്രമം.

ഇതിനായി തുണിത്തരങ്ങൾ തരംതിരിക്കുകയാണ് ഇപ്പോൾ. ഇതിന് പുറമെ മണ്ഡലത്തിൽ സ്ഥാപിച്ച എല്ലാ പ്രചാരണ ബോർഡുകളും തിരിച്ചെടുത്ത് ഇവ ഗ്രോബാഗുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുൻ മിസോറാം ഗവർണറായ അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.

അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്‌. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.

ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.

Follow Us:
Download App:
  • android
  • ios