Asianet News MalayalamAsianet News Malayalam

'ന്യായ്' പ്രചാരണത്തിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസിനും അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്

ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന് പറഞ്ഞുള്ള 'ന്യായ്' പ്രചാരണം മാതൃക പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. രാജ്യത്തെ ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്.

Allahabad High Court notice to Congress and election commission on NYAY scheme
Author
Delhi, First Published Apr 20, 2019, 5:28 PM IST

അലഹബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ  ' ന്യായ് ' പ്രചാരണത്തിന് എതിരായുള്ള ഹർജിയിൽ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പാർട്ടിക്കും നോട്ടീസ് അയച്ചു. കോൺഗ്രസിന്‍റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെയാണ് ​ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമര്‍പ്പിച്ചത്.

ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന് പറഞ്ഞുള്ള 'ന്യായ്' പ്രചാരണം മാതൃക പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി നൽകുന്നതിന് സമാനമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു. ഏപ്രിൽ 19-നാണ് കോടതി ഹർജി പരി​ഗണിച്ചത്. മെയ് 23-ന് കേസിൽ വാദം കേൾക്കും.

രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. 

 

 

Follow Us:
Download App:
  • android
  • ios