Asianet News MalayalamAsianet News Malayalam

ചിഹ്നം മാറി വോട്ട് വീഴുന്നു ; കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം,വ്യാജ പരാതിയിൽ ഒരാൾക്കെതിരെ കേസ്

തിരുവനന്തപുരം, ആലപ്പുഴ മണ്ഡലങ്ങളിൽ ഉയർന്ന പരാതി സാങ്കേതിക തകരാർ മാത്രമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സമാനമായ മറ്റൊരു പരാതി വ്യാജമെന്ന് കണ്ടെത്തി പരാതിക്കാരന് എതിരെ കേസ് എടുത്തു.

allegation on serious fault in voting machines in kovalam and cherthala
Author
Trivandrum, First Published Apr 23, 2019, 12:04 PM IST

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് പരാതി ഉയര്‍ന്നത്. കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹരിദാസ് എന്ന വോട്ടറാണ് വോട്ട ശേഷം പരാതി ഉന്നയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച പോളിംഗ്  വെറെ വോട്ടിംഗ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്. 

"

വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ പരാതി ഉന്നയിച്ച് രംഗത്തെത്തിയ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല. എന്നാൽ പ്രശ്നം യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. മോക് പോളിംഗിനിടെ പ്രശ്നം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് വിവരം. പരാതി ഉയരും മുൻപ് പോൾ ചെയ്ത 76 വോട്ടിന്‍റെ വിവിപാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രിസൈഡിംഗ് ഓഫീസറോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്.  ശശി തരൂരും സി ദിവാകരനും സ്ഥലത്ത് എത്തി. എന്നാൽ മെഷീനിനെ സ്വിച്ച് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നത് മാത്രമാണ് പ്രശ്നമെന്ന് ഇലക്ഷൻ ഓഫീസർ വിശദീകരിക്കുന്നത്.

"

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വോട്ടിംഗ് മുന്‍പുള്ള മോക്ക് പോളിംഗിലും  പ്രശ്നം നേരിട്ടിരുന്നു. കിഴക്കേ ചേര്‍ത്തല  40 എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തിലാണ് ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരയ്ക്ക് തെളിയുന്നതായി കണ്ടത്. മോക്ക് പോളിംഗില്‍ ഈ പാളിച്ച കണ്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും വോട്ടിംഗ് മെഷീന്‍ മാറ്റി പുതിയ മെഷീന്‍ സ്ഥാപിച്ച് പോളിംഗ് ആരംഭിക്കുകയും ചെയ്തു. 

തിരുവനന്തപുരം മണ്ഡലത്തിലെ തന്നെ പട്ടത്തും വോട്ട് മാറിപ്പോകുന്ന  പരാതി ഉയർന്നു. ഇവടെ ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിഞ്ഞു. പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പോലീസ് കേസ് എടുത്തു. 

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ  ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

lആരോപണം തെറ്റാണെന്നും വോട്ടിംഗ് യന്ത്രത്തിന്‍റെ സ്വിച്ചിന് ഉണ്ടായ പ്രശ്നമാണെന്നും കളക്ടര്‍ വാസുകി വിശദീകരിച്ചു. വോട്ടിംഗ് മെഷീനിലെ പിഴവിനെ കുറിച്ച് ഉയര്‍ന്ന പരാതി സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി പറയുന്ന് കേൾക്കാം: 

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചൊല്ലി  ദേശീയതലത്തിൽ വൻ സംവാദങ്ങൾ നടക്കുന്നതിനിടെയാണ് സംസ്ഥാനത്തെ വോട്ടിംഗ് യന്ത്രങ്ങളിൽ ഗുരുതര ക്രമക്കേട് ശ്രദ്ധയിൽ പെടുന്നത്. വിഷയം ഗൗരവമായി എടുക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ചില സ്ഥലങ്ങളില്‍ പ്രശ്നമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും ടിക്കാറാം മീണ വിശദീകരിച്ചു. 

പ്രത്യേക അജന്‍ഡ വച്ച് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല  എല്ലാ പരാതികളും പരിഹരിച്ച് തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 

 

അന്വേഷണം വേണമെന്ന് തരൂര്‍: 

യന്ത്രത്തിന് പിഴവു പറ്റാം പക്ഷെ വോട്ടിടുമ്പോൾ എപ്പോഴും താമര മാത്രം വരുന്നതെങ്ങനെ; ശശി തരൂര്‍

തിരുവനന്തപുരത്തെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ പരാതി നൽകി: 

കൈപ്പത്തിക്ക് കുത്തിയത് താമരയ്ക്ക്: പരാതിയുമായി തരൂരും ദിവാകരനും

പിഴവുണ്ടായെങ്കിൽ അന്വേഷിക്കണമെന്നായിരുന്നു കുമ്മനം രാജശേഖരന്‍റെ പ്രതികരണം: 

ചിഹ്നം മാറി വോട്ട് വീണു: വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം

ദേശീയതലത്തിലെ വിവാദവിഷയമാണെന്നും വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചു; 

വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ ഗൗരവമുള്ളത്; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉമ്മൻചാണ്ടി

സംസ്ഥാനത്ത് വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങൾ പണി മുടക്കി പോളിംഗ് തടസപ്പെട്ടെന്ന പരാതികൾക്ക് പിന്നാലെയാണ് വോട്ട് മാറി വീഴുന്നു എന്ന ആക്ഷേപം കൂടി വരുന്നത്. വോട്ടിംഗ് മെഷീനുകളുടെ തകരാര്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്നും ഇത് പരിഹരിക്കാൻ ആവശ്യമായ ജാഗ്രത തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു. രാവിലെ മുതൽ മിക്ക പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിലും വലിയ തിരക്ക് ഉണ്ടായിരുന്നെങ്കിലും സാങ്കേതിക തകരാറുകളും വോട്ടംഗ് യന്ത്രം പണിമുടക്കിയതും അടക്കം പല വിധ പ്രശ്നങ്ങൾ കാരണം വോട്ടര്‍മാര്‍ തിരിച്ച് പോകുന്ന സാഹചര്യം പോലും ഉണ്ടായി. 

Follow Us:
Download App:
  • android
  • ios