മൂന്നര വർഷം രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുതെന്നാണ് അവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നു. മത്സരിക്കാൻ ഇല്ലെന്നാണ് തന്‍റെ നിലപാട്. നിർബന്ധമാണെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം

ദില്ലി: കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി അൽഫോൺസ് കണ്ണന്താനം. കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റെന്ന് അൽഫോൺസ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിക്കാൻ ഇല്ലെന്നാണ് തന്‍റെ നിലപാട്. നിർബന്ധമാണെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം വിശദമാക്കുന്നു. മൂന്നര വർഷം രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുതെന്നാണ് അവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് മത്സരിക്കാൻ തനിക്കുമേൽ സമ്മർദ്ദമുണ്ട്. എന്നാല്‍ കൊല്ലത്ത് ആരെയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പ്രതികരിക്കുന്നു. പത്തനംതിട്ടയില്‍ പി എസ് ശ്രീധരന് പിള്ള മല്‍സരിക്കുമെന്ന് ഉറപ്പായതോടെ, തന്നെ മറ്റു മണ്ഡലങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. കണ്ണന്താനത്തെ എറണാകുളത്തേക്ക് നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു ഈ നീക്കം. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

ദില്ലിയിൽ നടന്ന ചർച്ചകളിൽ പിഎസ് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണയായത്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും താൽപ്പര്യമുള്ള മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേന്ദ്ര നേത്രത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇവർ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.