കൊച്ചി: രാവിലെ അഞ്ചര. നേരം പുലരുന്നതെ ഉള്ളു. കലൂര്‍ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ പതിവ് നടത്തത്തിന് ഇറങ്ങിയവര്‍ക്കിടയിലേക്ക് ഇന്ന് പതിവില്ലാതെ ഒരാളെത്തി. മറ്റാരുമല്ല എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.

ചിത്രം: സോളമൻ റാഫേൽ

നടന്നും ഓടിയും റോഡിൽ കിടന്നും വ്യായാമം ചെയ്യുന്ന ആരെയും കണ്ണന്താനം വെറുതെ വിട്ടില്ല. എല്ലാവരോടും കുശലാന്വേഷണം. വ്യായാമത്തിന്‍റെ മഹത്വം പറഞ്ഞും അറിയാവുന്ന പൊടിക്കൈകൾ പങ്കുവച്ചും എല്ലാവരെയും കയ്യിലെടുത്തു.

കൂട്ടത്തിലൊരു എട്ട് വയസുകാരിക്ക് മാത്രമായി എട്ട് പത്ത് അടവുകൾ പ്രത്യേകം പഠിപ്പിച്ചു.

അൽഫോൺസ് അങ്കിളിന്‍റെ വ്യായാമ മുറകൾ ഇഷ്ടപ്പെട്ടെന്നും  എന്നും പരിശീലിക്കുമെന്നും എട്ടുവയസുകാരി ബെബിന്‍ വർഗീസ്. 

ആരോടും വോട്ടൊന്നും ചോദിച്ചില്ല . പക്ഷെ ചൂടേറിയ തെരഞ്ഞെടുപ്പ് കാലത്ത് ഓടിനടന്ന് പാരവയ്ക്കാതെ വ്യായാമം ശീലമാക്കണമെന്നാണ് എതിരാളികളോട് കണ്ണന്താനം പറയുന്നത്.

" ബാക്കിയുള്ളവന് എങ്ങനെ പാരവയ്ക്കും എന്ന് ആലോചിച്ച് ഓടിയിട്ട് ഒരു കാര്യവും ഇല്ല.  മനസിന്  സമാധാനം ഉണ്ടാകണം. അത് നമ്മുടെ ഓട്ടത്തിലും നടത്തത്തിലും വാക്കിലുമൊക്കെ ഉണ്ടായാൽ കേരളത്തിന് ആരോഗ്യമുണ്ടാകും" എന്നാണ് കണ്ണന്താനത്തിന്‍റെ വാക്ക്. കലൂര്‍ സ്റ്റേഡിയത്തിൽ ഒരു മണിക്കൂര്‍ ചെലവഴിച്ചാണ് കണ്ണന്താനം മടങ്ങിയത്.