പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ ആവേശമായി പത്തനംതിട്ടയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോ. ദേശീയ അധ്യക്ഷനെ തന്നെ രംഗത്തിറക്കി വിശ്വാസ സംരക്ഷണം എന്ന ഒരൊറ്റ വിഷയത്തിലേക്ക് പ്രചാരണവിഷയം കേന്ദ്രീകരിക്കുകയാണ് ബിജെപി. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിലൂടെയാണ് റോഡ് ഷോ പുരോഗമിക്കുന്നത്. റോഡ് ഷോയ്ക്കിടെ നേരിയ മഴ പെയ്തെങ്കിലും അത് പ്രവർത്തകരുടെ ആവേശം കെടുത്തിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തനംതിട്ടയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ കാരണം അത് നടന്നില്ല. നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട നേതാവിനെത്തന്നെ ബിജെപി രംഗത്തിറക്കിയത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാ‍ർത്ഥി കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തിൽ നിന്നും റോഡ്ഷോയിൽ വൻതോതിൽ പ്രവർത്തകരെ  അണിനിരത്താൻ ബിജെപി നേതൃത്വത്തിന് ആയി.

രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്ന് മുന്നണികളും സകല സംഘടനാശേഷിയും ഉപയോഗിച്ച് വൻ പ്രചാരണം സംഘടിപ്പിക്കുമ്പോൾ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയിൽ നടക്കുന്നത്.