Asianet News MalayalamAsianet News Malayalam

അമിത് ഷായും ഇന്ന് കേരളത്തില്‍; പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും

50,000 പേർ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറിൽ റോഡ് ഷോ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തും

amit shah road show in Pathanamthitta today
Author
Pathanamthitta, First Published Apr 20, 2019, 6:26 AM IST

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും. 50,000 പേർ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറിൽ റോഡ് ഷോ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തും.

വൈകുന്നേരം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ 'ശബരിമല' വിഷയം പരാമര്‍ശിച്ചിരുന്നു.

ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു. 'കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു.

30000 പേരെയെങ്കിലും ജയിലിൽ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു. ഇന്ന് തൃശൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കെത്തുമ്പോള്‍ ശബരിമല വിഷയം തന്നെ മുഖ്യ പ്രചാരണ വിഷയമാക്കിയാകും അമിത് ഷായുടെ പ്രസംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

Follow Us:
Download App:
  • android
  • ios