ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം കഴിഞ്ഞതോടെ ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിക്കഴിഞ്ഞുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇനി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യോഗം ചേര്‍ന്ന് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണെന്നും അമിത് ഷാ പറഞ്ഞു.
 
''ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ് ഘട്ടങ്ങൾ കഴിഞ്ഞതോടെ ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിക്കഴിഞ്ഞുവെന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. ഏഴാംഘട്ടം കൂടി കഴിയുന്നതോടെ പാർ‌ട്ടിയുടെ ഭൂരിപക്ഷം 300 കടക്കും''- അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിരിക്കും ടിആര്‍എസിനെ പോലുള്ള പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിന് വേണ്ടത്ര സീറ്റ് ഏതെങ്കിലും പാര്‍ട്ടിക്ക് ഇത്തവണയും ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മെയ് 19നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്.