ബം​ഗളൂരു: നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ തിരികെയെത്തണമെന്നും പാകിസ്ഥാനും ഭീകരതയ്ക്കും ഉചിതമായ മറുപടി നൽകണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. രാജ്യസുരക്ഷയ്ക്ക് അത് അത്യാവശ്യമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കർണാടകയിലെ ഷിമോ​ഗയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കർണാടക ബിജെപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചായിരുന്നു അമിത് ഷായുടെ പ്രസം​ഗം.

''രാഘവേന്ദ്രയെ പാർലമെന്റിലേക്ക് അയയ്ക്കുക എന്ന് മാത്രമല്ല ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം, മറിച്ച് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തിക്കുക എന്നതും കൂടിയാണ്. എന്തുകൊണ്ടാണ് മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് നാം ആ​ഗ്രഹിക്കുന്നത്? അതിന്റെ കാരണം രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. ഭീകരതയ്ക്കും പാകിസ്ഥാനും ഉചിതമായ മറുപടി നൽകാൻ മോദിക്ക് സാധിക്കും. അതിനാൽ താമരയ്ക്ക് വോട്ട് ചെയ്ത് ഷിമോ​ഗയിലെ ജനങ്ങൾ രാഘവേന്ദ്രയെ പാർലമെന്റിലേക്ക് അയയ്ക്കണം.'' അമിത് ഷാ പറഞ്ഞു.