കൊച്ചി: അരൂരിൽ അട്ടിമറിവിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ ബിജെപി സ്ഥാനാർത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ പി പ്രകാശ് ബാബു. ബിജെപിയുടെ സംഘടാ സംവിധാനവും അരൂരിലെ പൊതുവായ വികാരവും കണക്കിലെടുക്കുമ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥി എന്നനിലയിൽ അരൂർ തന്നെ സ്വീകരിക്കുമെന്നും പ്രകാശ് പറഞ്ഞു.

ബിഡിജെഎസ്സിന്റെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. അരൂരിലെ പ്രചാരണത്തിന് മുൻപന്തിയിൽ ഉണ്ടാകുമെന്ന് നേതാക്കാൾ ഉറപ്പുനൽകിയിട്ടുണ്ട്. ബിഡിജെഎസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. മറ്റൊരു വിഷയമോ പ്രശ്നമോ കാരണമല്ല ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ സ്ഥാനാർത്ഥിയെ നിർത്താത്തത്. ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ നിഞ്ചയിക്കുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസ് മത്സരിച്ച സീറ്റായതിനാൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി തന്നെയാണ് അരൂരിൽ മത്സരിക്കുകയെന്നും കെ പി പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

പാലാ ഉപതെര‍ഞ്ഞെടുപ്പിന് പിന്നാലെ അരൂരിൽ ബിജെപി – ബിഡിജെഎസ് ഭിന്നത രൂക്ഷമായിരുന്നു. ചെങ്ങന്നൂരിന് പിന്നാലെ പാലായിലും ബിഡിജെഎസ് വോട്ട് മറിച്ചുവെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നു. അതിനാലാണ് അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടുനല്‍കേണ്ടെന്ന തീരുമാനത്തിൽ ബിജെപി നേതൃത്വമെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അരൂരിൽ പ്രകാശ് ബാബു തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം, അരൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കയിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുത്ത് കെ പി പ്രകാശ് ബാബുവിനെ സ്ഥാനാർത്ഥിയായി അരൂരിൽ മത്സരിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

Read More: വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടി എസ് സുരേഷ് സ്ഥാനാർത്ഥി, കോന്നിയിൽ കെ സുരേന്ദ്രൻ

അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രഖ്യാപിച്ചത്. കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി ജി രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷുമാണ് മത്സരിക്കുക.