Asianet News MalayalamAsianet News Malayalam

പിസി ജോർജിന്‍റെ വരവ് എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന് തുഷാർ വെള്ളപ്പള്ളി

പിസി ജോർജ് മുന്നണിയിലെത്തിയതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തിളക്കമാർന്ന വിജയം സ്വന്തമാക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
 

arrival of pc george wll strengthen nda says thushar vellappally
Author
Wayanad, First Published Apr 10, 2019, 7:24 PM IST

വയനാട്: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എൻഡിഎയ്ക്ക് ശക്തിപകരുമെന്ന് കൺവീനർ തുഷാർ വെള്ളാപ്പള്ളി. പിസി ജോർജ് മുന്നണിയുടെ ഭാഗമായതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തിളക്കമാർന്ന വിജയം സ്വന്തമാക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

പിസി ജോർജിനെ സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് പത്തനംതിട്ടയടക്കമുള്ള പ്രധാന മണ്ഡലങ്ങളിൽ വലിയ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് എൻഡിഎ നേതൃത്വം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ അന്ന് മുതൽ തന്നെ പന്തളം അടക്കമുള്ള പത്തനംതിട്ടയിലെ പല സ്ഥലങ്ങളിലും 'പിസി ജോർജ് ബുക്ക്ഡ്' എന്ന പേരിൽ നേരെത്തെ തന്നെ സ്ഥലം ബുക്ക് ചെയ്ത് വച്ചിരുന്നു. എന്നാൽ യുഡിഎഫിലേക്കും ഇടതുമുന്നണിയിലേക്കുമുള്ള പിസി ജോർജിന്‍റെ പ്രവേശനം അനിശ്ചിതത്വത്തിലായതോടെ 'പിസി ജോർജ് ബുക്ക്‍ഡ്' എന്ന് എഴുതിയ സ്ഥലങ്ങളിലൊന്നും സ്ഥാനാർത്ഥിയുടെ പേര് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിസി ജോർജ് എൻഡിഎ പാളയത്തിലെത്തിയതോടെ നാളെ മുതൽ പിസി ജോർജിന്‍റെ പേരിൽ ബുക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കെ സുരേന്ദ്രന്‍റെ പേര് പ്രത്യക്ഷപ്പെട്ട് തുടങ്ങും.

ഇന്ന് നാല് മണിക്കാണ് പിസി ജോർജ് എൻഡിഎയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.

കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ കാര്യത്തിലും റബ്ബർ കർഷകരുടെ പ്രശ്നത്തിലും നല്ല ഇടപടലുകൾ എന്‍ഡിഎ സർക്കാർ നടത്തിയെന്ന് പിസി ജോർജ്ജ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ എന്‍ഡിഎക്ക് കഴിയുമെന്നും പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ  വൻ വിജയം നേടുമെന്നും പിസി ജോർജ്ജ് പറഞ്ഞു.  കെ സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ  എന്‍ഡിഎ  ജയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാർ, സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള  തുടങ്ങിയവും ചടങ്ങിൽ പങ്കെടുത്തു. 

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios